പിന്നാക്കവിഭാഗം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയും: മന്ത്രി കേളു
1451249
Saturday, September 7, 2024 1:37 AM IST
കാസര്‍ഗോഡ്: പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ഒ.ആര്. കേളു. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പട്ടികവര്‍ഗ പട്ടികജാതി മേഖലകളിലെ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ നിന്നു കൊഴിഞ്ഞുപോകുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് . എസ്സി, എസ്ടി പ്രമോട്ടര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്കി.
പ്രമോട്ടര്‍മാര്‍ ആഴ്ചയില്‍ നാലുദിവസം കോളനികള്‍ സന്ദര്‍ശിക്കണം. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതി. എല്ലാ മാസവും ജില്ലാതല അവലോകനയോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേരുകയും പദ്ധതികള്‍ കൃത്യമായി വിലയിരുത്തുകയും ചെയ്യും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അല്ല, നിര്‍മിച്ച കെട്ടിടങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്.
ജില്ലയില്‍ പണിപൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തുറന്നുകൊടുക്കും. ഭൂരഹിത ഭവനരഹിത പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ കുടുംബങ്ങള്‍ക്ക് എല്ലാവര്ക്കും ഭൂമി എല്ലാവര്ക്കും രേഖ എന്ന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രേഖകള്‍ ലഭ്യമാക്കണം, പ്രമോട്ടര്‍മാര്‍ മുഖേന ഭൂമിക്ക് രേഖയില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കാന് നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും പിഎസ്സി പരിശീലനത്തിനും പ്രത്യേക കോച്ചിംഗ് സെന്റര്‍ ആരംഭിക്കും.
പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഇ-ഗ്രാന്റ്സ്, സ്കോളര്‍ഷിപ്, സ്റ്റൈപ്പന്റ് തുടങ്ങിയവ ലഭ്യമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. 80 ശതമാനം കുട്ടികള്‍ക്ക് ഇതിനകം 2022-23വര്‍ഷത്തെയും 23 - 24 വര്‍ഷത്തെയും ഇ-ഗ്രാന്റ് ലഭ്യമാക്കിയിട്ടുണ്ട്. 24-25 വര്‍ഷത്തെ ഈ ഗ്രാന്റ് വിതരണം ആരംഭിച്ചിട്ടില്ല. അവശേഷിക്കുന്ന കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.