വീട്ടില്‍ തീപിടിത്തം: ഒരു മുറി കത്തിനശിച്ചു
1451246
Saturday, September 7, 2024 1:37 AM IST
കാഞ്ഞങ്ങാട്: വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു. ആവി ജുമാ മസ്ജിദിന് സമീപത്തെ എന്‍.ബി. ഇസ്മയിലിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ടാംനിലയിലെ ഒരു ബെഡ് റൂം പൂര്‍ണമായി കത്തിനശിച്ചു. മുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ച കുടുംബത്തിന്റെ പേരിലുള്ള വിവിധ സ്ഥലങ്ങളുടെ ആധാരങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു.
മൂന്നു പാസ്പോര്‍ട്ടുകളും കറന്‍സി നോട്ടുകളും കത്തിയവയില്‍ പെടും. കട്ടിലും ബെഡും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സമീപത്തെ മുറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ഇസ്മായില്‍ നിസ്കരിക്കാന്‍ പള്ളിയില്‍ പോയതായിരുന്നു.
വീട്ടില്‍ പ്ലാസ്റ്റിക്ക് ശേഖരിക്കാനെത്തിയ ഹരിതകര്‍മസേനാംഗങ്ങളായ സുനിത, രമ എന്നിവരാണ് സംഭവം കാണുന്നത്. ഇവര്‍ വിവരമറിയച്ചതിനെതുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.