നാടൻകലാ വില്ലേജിന് സ്ഥലം അനുവദിച്ചു
1450532
Wednesday, September 4, 2024 7:19 AM IST
പിലിക്കോട്: നാടൻകലാ വില്ലേജ് നിർമാണത്തിന് കൊടക്കാട് സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയതായി എം. രാജഗോപാലൻ എംഎൽഎ. കൊടക്കാട് വില്ലേജിൽ റിസർവേ നമ്പർ 298/2 എ അഞ്ചിൽപ്പെട്ട മൂന്ന് ഏക്കർ ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട്, രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും മറ്റു നിബന്ധനകൾക്കും വിധേയമായാണ് സാംസ്കാരിക വകുപ്പിന് ഭൂമി കൈമാറിയിട്ടുള്ളത്.
സംസ്ഥാന സർക്കാർ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. ഇത് ഉപയോഗിച്ച് കൊടക്കാട്ടെ ഓലാട്ട് മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് നാടൻകലാ വില്ലേജ് സ്ഥാപിക്കുക. നർത്തകരത്നം കണ്ണപ്പെരുവണ്ണാന്റെയും തെയ്യംകലയുടെ കുലപതി മണക്കാടൻ ഗുരുക്കളുടെ സ്മരണ മുൻനിർത്തി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെയ്യം സ്റ്റഡീസ് എന്ന പേരിൽ തെയ്യം കലയെ കുറിച്ച് കൂടുതൽ അറിയാനും അതോടൊപ്പം ജില്ലയിലെ നാടൻ കലകളെ കുറിച്ച് പഠിക്കുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള കേന്ദ്രമാണ് കൊടക്കാട് ഫോക്ലോർ വില്ലേജിലൂടെ വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി തെയ്യം കലയെക്കുറിച്ചും ജില്ലയിലെ മറ്റു നാടൻകലകളെക്കുറിച്ചുമറിയാൻ നിരവധി ആൾക്കാരാണ് എത്തുന്നത്. ഇതിനെല്ലാം പര്യാപ്തമായ നിലയിൽ നേരത്തെ കൊടക്കാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നാടൻ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ശില്പശാല നടത്തി വില്ലേജിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾക്ക് രൂപരേഖ തയാറാക്കിയിട്ടുണ്ട്. നാടൻകലാ വില്ലേജിന് ഭൂമി ലഭ്യമായ സ്ഥിതിക്ക് പൊതുമരാമത്ത് ആർക്കിടെക്ചർ വിംഗ് മുഖാന്തരം ഇതിന്റെ ഡിസൈനും ഡിപിആറും തയാറാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടത്തുമെന്നും എംഎൽഎ അറിയിച്ചു.