മസ്റ്ററിംഗ് ചെയ്യാത്ത കാലത്തെ പെന്ഷന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും
1450531
Wednesday, September 4, 2024 7:19 AM IST
മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പെന്ഷന് മുടങ്ങിയ പരാതിയുമായാണ് എന്മകജെ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ജി.എം. മുഹമ്മദ് ബിലാല്‍ തദ്ദേശ അദാലത്തിലെത്തിയത്. ഹീമോഫീലിയ രോഗിയായ ബിലാല്‍ ചികിത്സാര്‍ഥം ആശുപത്രിയില്‍ ആയതിനാലും കോവിഡ് ബാധിച്ചതുമൂലവും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ 2019 ഓഗസ്റ്റ് മുതല്‍ 2022 ജനുവരി വരെയുള്ള പെന്ഷന് ലഭിച്ചില്ല.
മസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇതിന് ശേഷമുള്ള പെന്ഷന് ലഭിക്കുന്നുണ്ട്. മാസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിലാല്‍ തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച മന്ത്രി എം.ബി. രാജേഷ്, ബിലാലിന്റെ പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വിഷയം സര്‍ക്കാര്‍ പരിഗണിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും.
ബിരുദ വിദ്യാര്‍ഥിയായ ബിലാലിന് പഞ്ചായത്തിന്റെ ഭിന്നശേഷി സ്കോളര്‍ഷിപ്പ് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പെന്ഷന് കുടിശികയ്ക്കുള്ള തുടര്‍നടപടിക്കൊപ്പം പ്രത്യേക സ്കോളര്‍ഷിപ്പും ഉറപ്പുവരുത്തിയ സന്തോഷത്തിലാണ് മുഹമ്മദ് ബിലാല്‍ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.