ഓട്ടോറിക്ഷകൾക്ക് പുതിയ പാർക്കിംഗ് നമ്പറുകൾ അനുവദിക്കണമെന്ന്
1450525
Wednesday, September 4, 2024 7:18 AM IST
കാഞ്ഞങ്ങാട്: നഗരസഭയിൽ ഓട്ടോറിക്ഷകൾക്ക് പുതിയ പാർക്കിംഗ് നമ്പറുകൾ അനുവദിക്കുന്നത് നിർത്തിവച്ചത് ഓട്ടോ തൊഴിലാളികളെ വലയ്ക്കുന്നതായി പരാതി. ഓട്ടം നിർത്തിയ പഴയ ഓട്ടോറിക്ഷകളുടെ പാർക്കിംഗ് നമ്പറുകൾ 50000 മുതൽ 70000 വരെ വില നല്കി മറിച്ചുവാങ്ങേണ്ട അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.
പഴയ പാർക്കിംഗ് നമ്പറുകൾക്കായി കരിഞ്ചന്തയിൽ ലേലംവിളിയാണ് നടക്കുന്നത്. ഇത്രയും തുക ചെലവാക്കാൻ കഴിയാത്തവർ തൊട്ടടുത്ത അജാനൂർ പഞ്ചായത്തിൽനിന്ന് പാർക്കിംഗ് നമ്പർ വാങ്ങി ഓട്ടോ ഓടിക്കേണ്ട അവസ്ഥയാണെന്നും അവർ പറഞ്ഞു.
അജാനൂരിൽ നിന്ന് പാർക്കിംഗ് നമ്പർ വാങ്ങിച്ച വണ്ടികൾക്ക് നഗരത്തിൽ സർവീസ് നടത്തുന്നതിന് പരിധികളുണ്ട്. നഗരസഭയിൽ നിന്ന് പുതിയ പാർക്കിംഗ് നമ്പറുകളുടെ വിതരണം വീണ്ടും തുടങ്ങണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ നഗരസഭാ ഓഫീസിനു മുന്നിൽ സമരം നടത്തി. സാദിഖ് ആവിയിൽ, റംഷീദ് മീനാപ്പീസ്, അസ്കർ പുഞ്ചാവി, ബഷീർ കാഞ്ഞങ്ങാട്, സുബിൻ കുശാൽ നഗർ എന്നിവർ നേതൃത്വം നൽകി.