രാജാറോഡ് വികസന പദ്ധതി സ്തംഭിച്ചു
1444710
Wednesday, August 14, 2024 1:42 AM IST
നീലേശ്വരം: കിഫ്ബി സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതിയായ രാജാറോഡ് വികസന പദ്ധതി സ്തംഭിച്ചു. 2018ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജാറോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചത്. ദേശീയപാതയിലെ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നു തുടങ്ങി മേല്‍പാലം വരെ നീളുന്ന ഒരു കിലോമീറ്ററും 300 മീറ്ററും വരുന്ന റോഡാണ് രാജാറോഡ്.
നഗരസിരാകേന്ദ്രമാണ് ഈ വഴി. കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച പദ്ധതിക്കു 2019ല്‍ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങി. ജില്ലയിലെ കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കളക്ടറേറ്റില്‍ പ്രത്യേക ഓഫീസ് അനുവദിച്ച് സ്പെഷല്‍ തഹസില്‍ദാര്‍മാരെ നിയമിച്ചു. എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ നാലു തഹസില്‍ദാര്‍മാര്‍ സ്ഥലംമാറിപ്പോയി.
തിരുവനന്തപുരം സ്വദേശികളായ ആദ്യ 2 തഹസില്‍ദാര്‍മാരും അടിക്കടിയാണ് സ്ഥലംമാറിയത്. മൂന്നാമതെത്തിയ ആലപ്പുഴ സ്വദേശിനി ഒരു വര്‍ഷത്തോളമുണ്ടായ കാലത്താണ് സ്ഥലമേറ്റെടുപ്പിനുള്ള 11/1 ബി എന്ന ആദ്യ നോട്ടിഫിക്കേഷന്‍ ഇറക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഏതൊക്കെ സര്‍വേ നമ്പറിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതെന്നു എടുത്തു പറയുന്ന വിജ്ഞാപനമാണിത്.
ഓരോ സര്‍വേ നമ്പറിലും എത്ര സ്ഥലം വീതമാണ് ഏറ്റെടുക്കേണ്ടതെന്നു പറയുന്ന 19/1 എന്ന വിജ്ഞാപനവും തുടര്‍ന്ന് ഇറങ്ങിയിട്ടുണ്ട്. റോഡ് നവീകരണത്തിനായി സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ട ചുമതല റവന്യൂ വകുപ്പിനും കിഫ്ബി റോഡുകളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് പിഡബ്ല്യുഡിയുടെ ഉപവിഭാഗമായി രൂപീകരിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡും (കെആര്‍എഫ്ബി) ആണ്. പുതിയ തഹസിൽദാര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ പദ്ധതി പൂര്‍ണമായും പഠിക്കാനുള്ള കാലതാമസം നേരിടുന്നതും പദ്ധതി ഇഴയാന്‍ കാരണമാകുന്നു.
കാസര്‍ഗോഡ് ജില്ലക്കാരി തന്നെയായ പുതിയ വനിതാ സ്പെഷല്‍ തഹസില്‍ദാര്‍ സ്ഥാനമേറ്റതോടെ രാജാറോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ സ്തംഭനാവസ്ഥ ഇനിയെങ്കിലും നീങ്ങുമെന്ന പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. അതിനായി ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നീലേശ്വരം നിവാസികള്‍.
കിഫ്ബി പദ്ധതിയില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നീലേശ്വരത്തും പരിസരത്തുമാണ്. എന്നാല്‍ ഇതിന്റെ സ്ഥലമേറ്റെടുക്കുന്നതിനുള്ള ഓഫീസ് പ്രവര്‍ത്തിക്കുന്നത് കാസര്‍ഗോഡും. കിഫ്ബി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസ് നീലേശ്വരത്തേക്ക് മാറ്റിയാല്‍ രാജാറോഡ് ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുമെന്നും അഭിപ്രായമുയരുന്നു.