പുലി ചത്തതിന് കര്‍ഷകനെതിരെ കേസെടുക്കാന്‍ നീക്കം; വനംവകുപ്പിനെതിരെ സിപിഐ കര്‍ഷകസംഘടന
1444129
Monday, August 12, 2024 1:03 AM IST
കാസര്‍ഗോഡ്: ദേലംപാടി മല്ലംപാറയില്‍ കര്‍ഷകന്റെ പറമ്പിലെ കമ്പിയില്‍ കുടുങ്ങി പുലി ചത്ത സംഭവത്തില്‍ കര്‍ഷകനെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്നും വനം വകുപ്പ് പിന്തിരിയണമെന്ന് സിപിഐയുടെ കര്‍ഷകസംഘടനയായ അഖിലേന്ത്യ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച മല്ലംപാറയിലെ അണ്ണപ്പ നായ്കിന്റെ കൃഷിയിടത്തിലായിരുന്നു പുലി കെണിയില്‍ കുടുങ്ങിയത്. വന്യജീവികളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ കമ്പിവേലി നിര്‍മിക്കുന്നത് പതിവാണ്. ഈ സംഭവത്തില്‍ കാട്ടുപന്നിക്ക് കെണിവച്ചതായി പറയുന്നുണ്ടെങ്കിലും അതു കര്‍ഷകനല്ലെന്നും മറ്റാരെങ്കിലുമായിരിക്കും കെണി വച്ചതെന്നുമാണ് യാഥാര്‍ഥ്യം.
നിരവധി വളര്‍ത്തു മൃഗങ്ങളെ കഴിഞ്ഞ രണ്ടുമാസകാലത്തിനുള്ളില് അജ്ഞാത ജീവി കൊന്നിട്ടും ഈ മേഖലയില്‍ പുലി സാന്നിധ്യമില്ലെന്നായിരുന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. പുലി കുടുങ്ങിയ വിവരമറിയിച്ചിട്ടും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു രക്ഷപ്പെടുത്താന്‍ സന്നാഹങ്ങളുമായി ഉദ്യോഗസ്ഥര്‍ എത്തിയത്.
അപ്പോഴേക്കും പുലി ചത്തിരുന്നു. വനം വകുപ്പുദ്യോഗസ്ഥരുടെ കൃത്യവിലോപം കാരണം പുലി ചത്തതിന് നിരപരാധിയായ കര്‍ഷകനെ കേസില്‍ കുടുക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. ഈ വിഷയത്തില്‍ കര്‍ഷകനൊപ്പം നില്‍ക്കുമെന്ന് കിസാന്‍ സഭ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം.അസിനാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബങ്കളം കുഞ്ഞികൃഷ്ണന്, കെ.പി.സഹദേവന്, കെ. കുഞ്ഞിരാമന്, എം.വി.കുഞ്ഞമ്പു, പി.പി.ശ്രീധരന് മണിയാട്ട് എന്നിവര്‍ സംസാരിച്ചു.