അപകടം പതിവാകുന്നു, അധികാരികൾ ഇടപെടണം
1444124
Monday, August 12, 2024 1:03 AM IST
പനത്തടി: വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രക്കിടെ പനത്തടി- റാണിപുരം റോഡിൽ രണ്ടു വ്യത്യസ്ത റോഡപകടങ്ങളിലായി നാലുപേർക്ക് പരിക്ക്. നെല്ലിത്തോട് അമ്പതേക്കറിൽ നടന്ന സ്കൂട്ടർ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
അതിനു പിന്നാലെ പെരുതടി എൻഎ പ്ലാന്റേഷനും പഴയ അങ്കണവാടിക്കും ഇടയിലായി റോഡിൽ സ്കൂട്ടർ പായലിൽ തെന്നി മറിഞ്ഞു. മറ്റു രണ്ടു പേർക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
ദിവസങ്ങൾക്കു മുമ്പ് പെരുതടി അങ്കണവാടിക്ക് സമീപം കാറ് മറിഞ്ഞു ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഇല്ലാതായത്. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന ഈ പാതയിൽ ആവശ്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തത് അപകട സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. പുറത്തുനിന്നും ഇവിടെയെത്തുന്ന സഞ്ചാരികളാണ് അധികവും അപകടത്തിൽപ്പെടുന്നത്.
അധികാരികളുടെ ഇടപെടൽ കാര്യമായി ഉണ്ടെങ്കിലേ ഈ അപകടങ്ങൾക്ക് അറുത്തി വരുത്താൻ കഴിയൂ എന്ന് നാട്ടുകാർ പറയുന്നു.
കാരണം പലപ്പോഴും റാണിപുരം സഞ്ചാരകേന്ദ്രത്തിൽ നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
അധികവും ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെയും മൂന്നുപേരെ ഇരുത്തിയുമാണ് വരുന്നതെന്നും അതുകൂടാതെ ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർ പതിവാകുകയാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.