പനത്തടിയിൽ സൗരോർജവേലിയുടെ നിർമാണം വേഗത്തിലാക്കാൻ ധാരണ
1444029
Sunday, August 11, 2024 6:59 AM IST
പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തിയിൽ സൗരോർജവേലി നിർമാണത്തിന് ടെൻഡറായ ഭാഗങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്നും അവശേഷിച്ച ഭാഗങ്ങളിലെ ടെൻഡർ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും ഇ.ചന്ദ്രശേഖരന് എംഎല്‍എയുടെ സാന്നിധ്യത്തിൽ പഞ്ചായത്തില്‍ ചേർന്ന അവലോകന യോഗത്തിൽ ധാരണ. നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കി.
സംസ്ഥാന പാതയുടെ കോളിച്ചാല്‍ മുതൽ ചിറംകടവ് വരെയുള്ള ഭാഗത്തെ പ്രവൃത്തികളിൽ മഴക്കാലത്ത് ചെയ്യാൻ പറ്റിയ കാര്യങ്ങൾ കഴിവതുംവേഗം പൂർത്തിയാക്കണമെന്നും മഴക്കാലം കഴിഞ്ഞാലുടൻ ടാറിംഗ് ഉൾപ്പെടെയുള്ള അവസാനഘട്ട പ്രവൃത്തികൾ നിർവഹിക്കണമെന്നും യോഗം നിർദേശിച്ചു. ഇക്കാര്യത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ കരാറുകാരനുമായി ചർച്ച നടത്താനും ധാരണയായി.
പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസർമാരായ ബി.ശേഷപ്പ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷ ലതാ അരവിന്ദ്, അസി.സെക്രട്ടറി വിജയകുമാർ എന്നിവര്‍ പ്രസംഗിച്ചു.