പകര്‍ച്ചവ്യാധികള്‍ പെരുകുമ്പോഴും ഡോക്ടര്‍മാരില്ലാതെ ആരോഗ്യകേന്ദ്രങ്ങൾ
1443533
Saturday, August 10, 2024 1:26 AM IST
കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ജില്ലയിലെ ആരോഗ്യമേഖല പ്രതിസന്ധിയില്‍. നിലവില്‍ 78 തസ്തികകൾ ഡോക്ടര്‍മാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് ഏഴുപേര്‍ സ്ഥലംമാറി പോയത്. ഇവര്‍ക്ക് പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. രാവിലത്തെ ഒപി പോലും മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പാടുപെടുകയാണ് അധികൃതര്‍. മലയോര മേഖലയിലാണ് ഡോക്ടര്‍മാരുടെ കുറവ് ഏറെ അനുഭവപ്പെടുന്നത്.
ജില്ലയില്‍ ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും വ്യാപകമാണ്. ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ചില ആശുപ്രതികളില്‍ ഉണ്ടായിരുന്ന രാത്രികാല ഒപി നിര്‍ത്തലാക്കുകയും ചെയ്തു.
ജില്ലയ്ക്ക് അനുവദിച്ച ഡോക്ടര്‍മാരുടെ ആകെ തസ്തിക 323 ആണ്. ഇതില്‍ 245 തസ്തികകളില്‍ നിയമനം നടന്നു. ബാക്കി 78 തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. താത്കാലിക നിയമനം നടത്തിയാണ് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയാല്‍ പോലും ജില്ലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ കിട്ടാത്ത സ്ഥിതിയാണ്. പുതിയ നിയമനങ്ങളില്‍ കൂടുതലും എംബിബിഎസ് കഴിഞ്ഞവരാണ്. ഇവര്‍ ജില്ലയില്‍ എത്തിയാല്‍ ഉടന്‍ തന്നെ ഉന്നതപഠനത്തിനായി അവധിയെടുത്ത് പോകുകയാണ് പതിവ്. ജില്ലയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് അധികവേതനം നല്‍കുകയോ അല്ലെങ്കില്‍ ഇന്‍സെന്റീവ് നല്‍കുകയോ ചെയ്താല്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇക്കാര്യം ജില്ലയിലെ ജനപ്രതിനിധികളും വിവിധ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ല. നിലവില്‍ ദേശീയാരോഗ്യദൗത്യം വഴി നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത് 44,000 രൂപയാണ്. അഡ്ഹോക് വഴി നിയമിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്നത് 54,000 രൂപയാണ്. പിഎസ്സി വഴി നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ 70,000 രൂപ വേതനമായി ലഭിക്കും.
ഈ തുകയെങ്കിലും നല്കാന് തയാറായാല്‍ ജില്ലയിലേക്ക് ഡോക്ടര്‍മാര്‍ വരാന്‍ തയാറായേക്കും. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥലംമാറി പോകുന്നവര്‍ക്കു പകരം ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ആവശ്യം.