കാസർഗോഡ് നഗരത്തിലേക്ക് രാത്രികാല ബസുകൾ അനുവദിക്കണം: എംഎൽഎ
1442370
Tuesday, August 6, 2024 1:44 AM IST
കാസര്‍ഗോഡ്: വൈകിട്ട് ഏഴുമണിയോടെ കടകളെല്ലാം അടക്കുന്ന കാസർഗോഡ് നഗരത്തെ രാത്രിയിലും സജീവമാക്കാന്‍ സമയക്രമം പരിഷ്കരിച്ച് രാത്രികാല ബസുകൾ അനുവദിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനാ യോഗത്തിന്റെ കാസര്‍ഗോഡ് മണ്ഡലം തല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെഎസ്ആര്‍ടിസി ഓട്ടം നിര്‍ത്തിയ റൂട്ടുകളും ബസുകള്‍ തീരെയില്ലാത്ത റൂട്ടുകളും പുതിയ സർവീസുകൾക്കായി പരിഗണിക്കണമെന്നും എംഎല്‍എ നിർദേശിച്ചു. കാസര്‍ഗോഡ് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ഡിവൈഎസ്പി സി.കെ.സുനില്‍കുമാര്‍, പിഡബ്ല്യുഡി റോഡ്സ് അസി.എക്സി.എൻജിനീയര്‍ രവികുമാര്‍, കെഎസ്ആര്‍ടിസി എടിഒ കെ.പ്രിയേഷ് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണന്, സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബസുടമ സംഘടനാ പ്രസിഡന്റ് മുഹമ്മദ്, സെക്രട്ടറി ഗിരീഷ് എന്നിവർ സംബന്ധിച്ചു.