ബേക്കല്‍ ബീച്ച് ഫെസ്റ്റ്: സംഘാടകസമിതിക്ക് കേന്ദ്ര ജിഎസ്ടി നോട്ടീസ്
1442097
Monday, August 5, 2024 1:57 AM IST
കാസര്‍ഗോഡ്: 2023 ഡിസംബറില്‍ നടന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റ് സീസണ്-രണ്ടിന് ജിഎസ്ടി അടയ്ക്കാത്തതിനെതിരെ നടപടിയുമായി കേന്ദ്ര ജിഎസ്ടി വിഭാഗം. 2022ല്‍ നടന്ന ആദ്യ സീസണില്‍ സംസ്ഥാന ജിഎസ്ടി നടപടിയെടുത്ത് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അടച്ചില്ല. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര ജിഎസ്ടി വിഭാഗത്തിന്റെ നടപടി.
25 ലക്ഷം രൂപ ജിഎസ്ടിയും തുക അടയ്ക്കാന്‍ വൈകിയതിന് പലിശയും ഉള്‍പ്പെടെ 40 ലക്ഷം രൂപ അടയ്ക്കാനായിരുന്നു സംസ്ഥാന ജിഎസ്ടി വിഭാഗം ഒന്നാം സീസണില്‍ നോട്ടീസ് നല്‍കിയത്. ഒരു കോടിയുടെ ടിക്കറ്റ് വില്പന നടത്തിയതില്‍ 18 ലക്ഷം രൂപ ജിഎസ്ടി അടയ്ക്കണമെന്നാണ് കേന്ദ്ര ജിഎസ്ടിയുടെ നോട്ടീസ്. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് സംഘാടകസമിതി അറിയിച്ചു.ബേക്കല്‍ ഫെസ്റ്റിന്റെ ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്നായിരുന്നു മുമ്പ് എം.വിന്‍സന്റ്, ഐ.സി.ബാലകൃഷ്ണന്, മാത്യു കുഴല്നാടന് എന്നീ എംഎല്‍എമാര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്. ബേക്കല്‍ ഫെസ്റ്റ് രണ്ടാം സീസണ് നഷ്ടത്തിലായെന്നാണ് സംഘാടകസമിതി അവതരിപ്പിച്ച കണക്ക്.
നഷ്ടം നികത്താന്‍ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്മെന്റ് കോര്പറേഷന് (ബിആര്‍ഡിസി) തനതുഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച സംഭവവും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. സ്വകാര്യ സംഘാടകസമിതി നടത്തിയ ഫെസ്റ്റിന് സര്‍ക്കാര്‍ പണം വിനിയോഗിക്കുന്നു എന്നതായിരുന്നു ആരോപണം.