പെരുതടിയിൽ സൗരോർജ തൂക്കുവേലിയുടെ നിർമാണം വേഗത്തിലാക്കാൻ ധാരണ
1441510
Saturday, August 3, 2024 1:06 AM IST
പനത്തടി: കാട്ടാനശല്യം രൂക്ഷമായ പെരുതടിയിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലിയുടെ നിർമാണം വേഗത്തിലാക്കാൻ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ധാരണ.
പുളിങ്കൊച്ചി, കടമല, ചെമ്പംവയൽ ഭാഗങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കാട് വൃത്തിയാക്കി പഴയ സൗരോർജ വേലി പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചു.
സൗരോർജ വേലിയുടെ നിർമാണ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ അറിയിച്ചു.
പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങൾ വരുന്ന സ്ഥലങ്ങളിൽ തൊട്ടടുത്ത സ്വകാര്യസ്ഥലങ്ങളോടു ചേർന്നാകും വേലി നിർമിക്കുക.
പെരുതടിയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, ഫോറസ്റ്റ് ഓഫീസർമാരായ ബി.ശേഷപ്പ, വി.എസ്.വിനോദ് കുമാർ, പഞ്ചായത്തംഗം രാധ സുകുമാരൻ, റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, സി.എസ് സനൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഏഴംഗ സമിതിയെ തെരഞ്ഞെടുത്തു.
സി.എസ് സനൽകുമാർ, വി.ആർ.സുന്ദരൻ, ബി.ദിലീപ്, ടി.എസ്.വിനോദ്, ദയാനന്ദൻ, വി.സന്തോഷ്, വേണു എന്നിവരാണ് സമിതി അംഗങ്ങൾ.