കാഞ്ഞങ്ങാട്: മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ കാലാവസ്ഥ വ്യതിയാന ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത് 50.25 ലക്ഷം രൂപ.
ജില്ലാതല ക്ലെയിം തുകയുടെ വിതരണോദ്ഘാടനം നാളെ രാവിലെ 10.30ന് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ ഇ.ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിക്കും. മില്‍മ ചെയര്മാന് കെ.എസ്.മണി അധ്യക്ഷതവഹിക്കും.
ജില്ലയിലെ 79 സംഘങ്ങളില്‍ നിന്നായി 2680 കര്‍ഷകരുടെ 5025 പശുക്കള്‍ക്ക് 50.25 ലക്ഷം രൂപയാണ് ക്ലെയിം ലഭിച്ചിരിക്കുന്നത്. നിശ്ചിത പരിധിക്കു മുകളില്‍ അന്തരീക്ഷ താപനില ഉയരുമ്പോള്‍ കറവമൃഗങ്ങളില് ഉണ്ടാകുന്ന ഉത്പാദന കുറവുമൂലം ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി മലബാര്‍ മില്‍മ, കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥയിലുള്ള അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്നു നടപ്പിലാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്.