ഗ്രാമങ്ങളിലേക്ക് ബസ് റൂട്ടുകൾ: ആർടിഎ ജനകീയ സദസ് എട്ടിന്
1440828
Wednesday, July 31, 2024 7:18 AM IST
കാഞ്ഞങ്ങാട്: ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പ് വിളിക്കുന്ന ജനകീയ സദസ് ഓഗസ്റ്റ് എട്ടിന് കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നടക്കും. നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും.
നിലവിൽ ബസ് റൂട്ടുകളില്ലാത്ത പാതകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുന്നതിനായുള്ള നിർദേശങ്ങൾ വ്യക്തികൾക്കും സംഘടനകൾക്കും ഓഗസ്റ്റ് അഞ്ചിന് മുമ്പായി കാഞ്ഞങ്ങാട് സബ് ആർടി ഓഫീസിൽ നൽകാം. ഇവ ജനകീയ സദസിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് ആർടിഒ അറിയിച്ചു. ബസ് ഉടമകൾക്കും തൊഴിലാളി സംഘടനാ പ്രതിനിധികൾക്കും യാത്രക്കാരുടെ സംഘടനകൾക്കുമെല്ലാം നിർദേശങ്ങൾ സമർപ്പിക്കാനും യോഗത്തിൽ പങ്കെടുക്കാനും അവസരമുണ്ട്.