കരിന്തളത്ത് വീടുകൾക്ക് മുകളിൽ മരം വീണു
1436615
Wednesday, July 17, 2024 12:30 AM IST
കരിന്തളം: ഇന്നലെ പുലർച്ചെ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ കരിന്തളത്ത് രണ്ടു വീടുകൾക്ക് മുകളിൽ മരം വീണു. വരയിൽ രാജീവന്റെയും ലക്ഷ്മിയുടെയും വീടുകൾക്ക് മുകളിലാണ് മരം വീണത്.
റോഡിന്റെ എതിർവശത്തുള്ള മരമാണ് രാജീവന്റെ വീടിനു മുകളിലേക്ക് കടപുഴകി വീണത്. അടുത്ത പറമ്പിലെ മരത്തിന്റെ കൊമ്പ് പൊട്ടി ലക്ഷ്മിയുടെ വീടിന്റെ അടുക്കളയ്ക്ക് മുകളിൽ പതിക്കുകയായിരുന്നു.
മരങ്ങൾ വൈദ്യുത ലൈനുകളിലും തട്ടിയതിനാൽ പ്രദേശത്തെ വൈദ്യുതിബന്ധവും ഏറെനേരം തകരാറിലായി. പിന്നീട് കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
കരിന്തളത്തെ കെ. മോഹനൻ, മുതുകുറ്റിയിലെ ബാബു ഫിലിപ്പ്, കെ.പി. നളിനി, അപ്പു, കെ.പി. ആണ്ടി എന്നിവരുടെ പറമ്പുകളിലെ റബർ, കവുങ്ങ്, തെങ്ങ്, തേക്ക് മരങ്ങൾ നിലംപതിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്തയും വില്ലേജ് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.