കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം: കോൺഗ്രസ്
1435596
Saturday, July 13, 2024 1:39 AM IST
പാണത്തൂർ : പുലി ഇറങ്ങിയ പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പംവയൽ മേഖലയിൽ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് സ്ഥലം സന്ദർശിച്ച കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചത്.
പ്രദേശത്തെ തുടർച്ചയായ ആനശല്യത്തോടൊപ്പം പുലിയുടെ സാന്നിധ്യവും ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുലിയെ അടിയന്തിരമായി പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പനത്തടി പഞ്ചായത്തിനോടും വനം വകുപ്പിനോടും നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ജയിംസ്, വൈസ് പ്രസിഡന്റ് കെ.എൻ.വിജയൻ, കമ്മറ്റിയംഗം ജിജി പോൾ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ശ്രീധരൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സുരേഷ്, തോമസ് പെരുതടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.