ജനവാസകേന്ദ്രങ്ങളും കാട്ടാനഭീതിയിൽ
1435595
Saturday, July 13, 2024 1:39 AM IST
മാലോം: വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിലായിരുന്നു കാട്ടുപന്നിയും പിന്നെ കാട്ടാനയും ആദ്യമെത്തിയത്. പിന്നെ അടുത്തുള്ള കൃഷിയിടങ്ങളിലേക്കും കടന്നു. മനുഷ്യരോടുള്ള ഭയം മാറിയതോടെ കാട്ടുപന്നികൾ ജനവാസമേഖലയിൽ വരെ കടന്നുചെന്ന് കൃഷി നശിപ്പിക്കാനും ആളുകളെ ആക്രമിക്കാനും തുടങ്ങി. ഇപ്പോൾ കാട്ടാനകളും അതേ വഴിക്കാണെന്നതാണ് മലയോരത്തിന്റെ ആശങ്ക.
മാലോത്ത് കസബ സ്കൂളിന്റെ സമീപപ്രദേശങ്ങളിൽ വരെ കാട്ടാനകളെത്തിയത് വലിയ അപകടസൂചനയാണ് നൽകുന്നത്. ഇക്കണക്കിനു പോയാൽ മാലോം, കൊന്നക്കാട് ടൗണുകളിലും അധികം താമസിയാതെ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ പോലും കാട്ടാനകൾ എത്താനുള്ള സാധ്യത വിദൂരമല്ല. മാനന്തവാടിയിലും ബത്തേരിയിലും ഉളിക്കലിലുമൊക്കെ സംഭവിച്ചത് അതാണ്.
ജനവാസമേഖലയിൽ കാട്ടാനകളെത്തിയാൽ അത് നേരിടാൻ വയനാട്ടിലും മറ്റുമുള്ള സംവിധാനങ്ങൾ ജില്ലയിലെ വനംവകുപ്പിന്റെ പക്കലില്ല. കഴിഞ്ഞയാഴ്ച വലിയ പുഞ്ചയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കാട്ടാന തകർത്തത് ആക്രമണം മനുഷ്യർക്കുനേരെ തിരിയുന്നതിന്റെ പ്രകടമായ സൂചനയാണ്.
പെരുമഴക്കാലത്തും ആനകൾ കൂട്ടത്തോടെ കാടിറങ്ങുമ്പോൾ വേനൽക്കാലത്ത് വെള്ളവും തീറ്റയും തേടിയാണ് ആനകൾ വരുന്നതെന്ന വനംവകുപ്പിന്റെ വാദവും പൊളിഞ്ഞു.
കാട്ടുപന്നിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ എണ്ണം ക്രമാതീതമായി പെരുകിയതുതന്നെയാണ് ആനകളും നാട്ടിലിറങ്ങാൻ കാരണമാകുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ആനയെ ഭയന്ന് ദർലാസ് ഭാഗത്തുമാത്രം മുപ്പതിലേറെ കുടുംബങ്ങൾ ഇതിനകം കുടിയൊഴിഞ്ഞിട്ടുണ്ട്.
പുല്ലൊടി, പാടി പ്രദേശങ്ങൾ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാട്ടാനഭീതിയിലാണ്. രാത്രിയിൽ ആനയെത്തുമ്പോൾ നാട്ടുകാർ തന്നെ പടക്കംപൊട്ടിച്ച് തുരത്താൻ ശ്രമിക്കുന്നതല്ലാതെ വനംവകുപ്പിന്റെ കാര്യമായ ഇടപെടലൊന്നും ഉണ്ടായിട്ടില്ല.
വീടുകൾക്ക് സമീപമുള്ള കൃഷിയിടങ്ങളിലെ തെങ്ങും കാപ്പിയും കുരുമുളകുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടു.
പാടിയിലെ കെ.പി.നാരായണിയുടെ വീടിന്റെ അമ്പതു മീറ്റർ വരെ അടുത്തെത്തിയിരുന്നു. നാരായണിയുടെ മകൻ രമേശനെ മൂന്നുവർഷം മുമ്പ് ഇതേ സ്ഥലത്തുവച്ച് പുലി ആക്രമിച്ചിരുന്നു.
ഒരു ഭാഗത്ത് നാട്ടുകാർ പടക്കം പൊട്ടിക്കുമ്പോൾ മറുഭാഗത്തേക്ക് മാറുന്നതല്ലാതെ ആന കാട്ടിലേക്ക് കയറിപ്പോകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ശ്രീധരൻ പാടിയിൽ, ലാലച്ചൻ ഇടശേരിയിൽ, കാർത്യായനി, വെള്ളൻ, കാരിച്ചി, ബോളൻ എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപകനാശം വരുത്തി.