അമ്മമ്മയുടെ കഥാകാരനുമായി സംവദിച്ച് പരപ്പയിലെ കുട്ടികൾ
1431432
Tuesday, June 25, 2024 1:05 AM IST
പരപ്പ: എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ അമ്മമ്മ എന്ന പാഠം എഴുതിയ എഴുത്തുകാരൻ പി. സുരേന്ദ്രനുമായി സംവദിച്ച് പരപ്പ ജിഎച്ച്എസ്എസ് വിദ്യാർഥികൾ. എഴുത്തിലെ വിവിധ വഴികൾ, ബഹുസ്വരതയിൽ നഷ്ടപ്പെടാതിരിക്കുന്ന മനുഷ്യത്വം, യാത്രകളിലെ കഥകൾ എല്ലാം കഥാകാരൻ കുട്ടികൾക്കു മുന്നിൽ തുറന്നുകാട്ടി. സാഹിത്യത്തിന് പുറമെ രാഷ്ട്രീയവും സാങ്കേതികവിദ്യയും തുടർന്നു നടന്ന സംവാദത്തിൽ പരാമർശിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും മറ്റു ക്ലബുകളുടേയും ഉദ്ഘാടനവും പി. സുരേന്ദ്രൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. സതീശൻ, സുധാകരൻ ബാനം, വി.കെ. പ്രഭാവതി, കെ.വി. രാഗേഷ്, എം. ബിജു, സന്തോഷ്കുമാർ ചെറുപുഴ, മുഖ്യാധ്യാപകൻ ജനാർദ്ദനൻ പാലങ്ങാട്, മഴ എന്നിവർ പ്രസംഗിച്ചു.