20 മിനുട്ട് കൊണ്ട് ചക്ക വിഭവ സ്റ്റാൾ കാലി !
1431429
Tuesday, June 25, 2024 1:05 AM IST
തൃക്കരിപ്പൂർ: ചക്കയിൽ ഈച്ച പൊതിയും പോലെ എന്ന് പഴമക്കാർ പറയാറുള്ളത് ശരിവയ്ക്കുന്ന തരത്തിൽ ചക്കയും ചക്ക കൊണ്ടുള്ള വിഭവങ്ങളുമായി ടൗണിൽ നടത്തിയ ചക്ക ഫെസ്റ്റിലെ വിപണനം മിനിറ്റുകൾ കൊണ്ട് അവസാനിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഒരുക്കിയ ചക്ക ഫെസ്റ്റിലാണ് അമ്പരപ്പിച്ച വില്പന നടന്നത്.
മഴ ശക്തമാവും മുമ്പ് ചക്കയും ചക്ക കൊണ്ടുള്ള വിഭവങ്ങളുമൊരുക്കി ഫെസ്റ്റ് നടത്താനെത്തിയ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ പോലും കണക്കു കൂട്ടാനാവാത്ത തരത്തിലായിരുന്നു വിഭവങ്ങൾ വാങ്ങാനെത്തിയവർ. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ സ്റ്റാൾ തുറന്ന് 20 മിനിറ്റിനുള്ളിൽ 25ൽ പരം ഇനങ്ങളിലുള്ള വിഭവങ്ങളെല്ലാം തീർന്നു.ചക്കപ്പഴം, ചക്ക കൊണ്ടുണ്ടാക്കിയ വിവിധ രുചിയിലുള്ള പായസങ്ങൾ, ഹൽവ, ലഡു, മിക്സ്ചർ, ബിരിയാണി, അപ്പം, ബജി, ചിപ്സ് തുടങ്ങിയ ചൂടുള്ള വിഭവങ്ങൾക്കൊപ്പം ചക്ക ഐസ്ക്രീമും കുടുംബശ്രീ ഒരുക്കിയ ചക്ക ഫെസ്റ്റിൽ
എത്തിച്ചിരുന്നു. അതേസമയം വിഭവങ്ങൾ കൂടുതൽ ഒരുക്കുന്നതിനായി ചക്ക പറിച്ചെടുക്കാൻ ആൾക്കാരെ കിട്ടാത്തതാണ് ആവശ്യക്കാർക്ക് വേണ്ടത്ര ചക്കയും ഉത്പന്നങ്ങളും നൽകാൻ കഴിയാഞ്ഞതെന്ന് കുടുംബശ്രീ സിഡിഎസ് അധ്യക്ഷ എം. മാലതി പറഞ്ഞു. ചക്ക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു.