സർക്കാർ ആശുപത്രിയിൽ മരുന്ന് എഴുതിക്കിട്ടാൻ നോട്ടുബുക്ക് കൊണ്ടുപോകണം
1431111
Sunday, June 23, 2024 7:01 AM IST
കാസർഗോഡ്: സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പലതും സ്റ്റോക്കില്ലാത്തതുകൊണ്ട് മരുന്ന് വാങ്ങാൻ പുറത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ പോകേണ്ടിവരുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും. പക്ഷേ മരുന്നുകളുടെ കുറിപ്പടി എഴുതിത്തരണമെങ്കിൽതന്നെ പുറത്തുനിന്ന് നോട്ടുബുക്ക് വാങ്ങി വരണമെന്ന് പറഞ്ഞാലോ..? കാസർഗോഡ് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഈ അവസ്ഥ.
പ്രിസ്ക്രിപ്ഷൻ കാർഡിന്റെ സ്റ്റോക്ക് തീർന്നുപോയതുകൊണ്ടാണ് രോഗികളോട് പുറത്തുനിന്ന് നോട്ടുബുക്ക് വാങ്ങി വരാൻ പറയുന്നതെന്നാണ് ആരോഗ്യകേന്ദ്രം അധികൃതരുടെ വിശദീകരണം. പറയുക മാത്രമല്ല പഴയ പ്രിസ്ക്രിപ്ഷൻ കാർഡിൽ എഴുതി നല്കുകയും ചെയ്തിട്ടുണ്ട്.
കാർഡ് അച്ചടിക്കാൻ സർക്കാരിന്റെ കൈയിൽ പണമില്ലെങ്കിൽ വെള്ളക്കടലാസെങ്കിലും ആശുപത്രിയിൽ കരുതിവെച്ച് മരുന്നുകൾ എഴുതിനല്കാൻ പാടില്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം.