മലയോരഹൈവേയ്ക്കു പകരം കോട്ടഞ്ചേരിയിലെ റവന്യൂഭൂമി വനംവകുപ്പിന് കൈമാറുന്നു
1430730
Saturday, June 22, 2024 1:01 AM IST
കൊന്നക്കാട്: കോട്ടഞ്ചേരിയിലെ വിനോദസഞ്ചാരവികസനത്തിന് മുതൽക്കൂട്ടാകുമെന്ന് കരുതിയ റവന്യൂ ഭൂമി വനംവകുപ്പിനുതന്നെ കൈമാറുന്നു. മലയോരഹൈവേയുടെ എടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ റോഡ് വികസനത്തിനായി ഏറ്റെടുക്കേണ്ട വനഭൂമിക്ക് പകരം കോട്ടഞ്ചേരിയിൽ റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4.332 ഹെക്ടർ ഭൂമി കൈമാറാനുള്ള നിർദേശം മലയോരഹൈവേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് റവന്യൂ വകുപ്പ് വനംവകുപ്പിന് സമർപ്പിച്ചത്.
ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഈ ഭൂമിയുടെ വിവരങ്ങൾ വനംവകുപ്പിന്റെ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ (എൽആർ) അറിയിച്ചു. ഈ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നതിനൊപ്പം മലയോര ഹൈവേയുടെ വികസനത്തിനാവശ്യമായ വനഭൂമി വിട്ടുനല്കും.
കോട്ടഞ്ചേരിയിലെ വിനോദസഞ്ചാര വികസനത്തിന് വനഭൂമി വിട്ടുകിട്ടാത്ത സാഹചര്യത്തിൽ ഇവിടെ ലഭ്യമായ റവന്യൂ ഭൂമിയിൽ കോട്ടേജുകളടക്കം നിർമിച്ച് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. 1931 ലെ സർവേ രേഖകൾ പ്രകാരം ഇവിടെ റവന്യൂ ഭൂമിയുണ്ടായിരുന്നെങ്കിലും കാട് വളർന്ന് വനത്തിന്റെ ഭാഗമായിക്കഴിഞ്ഞ നിലയിലായിരുന്നു. പിന്നീട് മാലോം വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഈ ഭൂമിയുടെ കൃത്യമായ സ്ഥാനം നിർണയിച്ചത്.
എന്നാൽ ഇതിന് ചുറ്റുമുള്ള സ്വകാര്യ ഭൂമികളെല്ലാം നേരത്തേ വനംവകുപ്പ് ഏറ്റെടുത്തിരുന്നതിനാൽ ഈ സ്ഥലം കാടിന് നടുവിൽ പെട്ടുപോയ അവസ്ഥയിലായിരുന്നു.
ഈ സ്ഥലത്ത് ഇനി നിർമാണപ്രവർത്തനങ്ങൾ നടത്തിയാലും അവിടേക്ക് എത്തിപ്പെടാൻ വഴി പോലും നിർമിക്കണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വേണ്ടിവരും. ഈ ഭൂമി മലയോര ഹൈവേക്ക് പകരമായി വനംവകുപ്പിന് തന്നെ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
വിനോദസഞ്ചാര വികസനത്തിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ വനത്തിനുള്ളിൽ തന്നെ പ്രകൃതിസൗഹൃദമായ രീതിയിൽ കോട്ടേജുകളും മറ്റും നിർമിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനുള്ള ശ്രമങ്ങളും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.