ന്യൂനപക്ഷ കമ്മീഷന് ഇടപെട്ടു; സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു
1430546
Friday, June 21, 2024 1:48 AM IST
കാസര്‍ഗോഡ്: ന്യൂനപക്ഷ കമ്മീഷന് ഇടപെടലിനെതുടര്‍ന്ന് ഗൃഹനാഥന് സ്ഥിരനിക്ഷേപതുക പലിശ സഹിതം ലഭിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി ടി.എ.മാത്യുവാണ് പരാതിക്കാരന്. ബിജെപി നിയന്ത്രണത്തിലുള്ള മുഗു സര്‍വീസ് സഹകരണബാങ്കിലാണ് മാത്യു സ്വന്തം പേരില്‍ 53,800 രൂപ നിക്ഷേപിച്ചത്. തിരികെ ആവശ്യപ്പെട്ടിട്ടും ബാങ്ക് നല്‍കിയില്ല. കമ്മീഷന് ഇടപെട്ടതോടെ പലിശ ഉള്‍പ്പെടെ 1,01,544 രൂപ ബാങ്ക് തിരികെ നല്കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന് അംഗം പി. റോസയാണ് ഇക്കാര്യം അറിയിച്ചത്.
കാഞ്ഞങ്ങാട്ടെ വിദ്യാര്‍ഥി മുഹമ്മദ് റാസില്‍ മുന്‍ഗണനാ വിഭാഗത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനാണെന്ന് കമ്മീഷന് അറിയിച്ചു. റാസിലിന്റെ കുടുംബം ബിപിഎല്‍ അല്ല എന്നു കാണിച്ച് സ്വകാര്യവ്യക്തി നല്കിയ പരാതിയില്‍ പരിശോധന നടത്തി പരീക്ഷ കമ്മീഷണര്‍ സ്കോളര്‍ഷിപ്പിന് അനര്ഹനാക്കിയിരുന്നു. തുടര്‍ന്ന് റാസിലിന്റെ മാതാവ് ന്യൂനപക്ഷ കമ്മീഷന് പരാതി നല്കി. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം മുഹമ്മദ് റാസില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹനാണെന്ന് കണ്ടെത്തുകയും പരീക്ഷ കമ്മീഷണറുടെ ഉത്തരവ് ഫീ റെഗുലേറ്ററി കമ്മിറ്റി റദ്ദാക്കുകയും ചെയ്തു.
കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ നടത്തണമെന്നും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തളങ്കരയിലെ എ.എം.അബ്ദുള്‍ സത്താര്‍ നല്കിയ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പി.റോസ പറഞ്ഞു. സിറ്റിംഗില്‍ എട്ടു പരാതികള്‍ പരിഗണിച്ചു. അഞ്ചു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. രണ്ടു പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.