കോളിച്ചാലിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു
1430322
Thursday, June 20, 2024 1:28 AM IST
കോളിച്ചാൽ: മലയോര ഹൈവേയും സംസ്ഥാനഹൈവേയും സംഗമിക്കുന്ന കോളിച്ചാൽ ടൗണിൽ എടിഎം മെഷീനുകൾ നോക്കുകുത്തികളാകുന്നു. ഫെഡറൽ ബാങ്കിന്റെ എടിഎം ഒരു മാസത്തിലധികമായി പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎം ഇടയ്ക്കിടെ മാത്രമാണ് പ്രവർത്തിക്കുന്നത്.
എടിഎം സേവനങ്ങൾക്കായി മലയോരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ പലപ്പോഴും നിരാശരായി തിരിച്ചുപോകേണ്ടിവരികയാണ്. ഇടപാടുകാർ ഫെഡറൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ എടിഎം കൗണ്ടറിന്റെ മെയിന്റനൻസ് ചുമതല സ്വകാര്യ ഏജൻസിക്കാണെന്ന മറുപടിയാണ് ലഭിക്കുന്നത്. കരാർ എടുത്ത സ്വകാര്യ ഏജൻസി കാര്യക്ഷമമായ സേവനം നൽകുന്നില്ലെങ്കിൽ ബാങ്ക് ഇടപെടേണ്ടതല്ലേയെന്നാണ് ഇടപാടുകാരുടെ ചോദ്യം.
കോളിച്ചാൽ ടൗണിലെ എടിഎമ്മുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു.
ജസ്റ്റിൻ തങ്കച്ചൻ, സെബാൻ കാരക്കുന്നേൽ, ജോസ് മോൻ തോപ്പുകാലായിൽ എന്നിവർ പ്രസംഗിച്ചു.