കാർഷിക മേഖലയെ തിരികെ കൊണ്ടുവരാൻ കർഷകരുടെ കൂട്ടായ്മ അനിവാര്യം: മാർ ജോസഫ് പണ്ടാരശേരിൽ
1430086
Wednesday, June 19, 2024 1:51 AM IST
രാജപുരം: മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി, രാജപുരം ഫൊറോന ക്നാനായ കത്തോലിക്കാ കോണ്ഗ്രസ്സ്, രാജപുരം സെന്റ് പയസ് ടെൻത് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷക പഠനശിബിരം രണ്ടാംഘട്ടം സംഘടിപ്പിച്ചു.
രാജപുരം ഹോളിഫാമിലി പാരിഷ്ഹാളിൽ കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. തകർന്നുപോയ കാർഷികമേഖലയെ തിരികെ കൊണ്ടുവരാൻ കർഷകരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് പണ്ടാരശേരിൽ പറഞ്ഞു. രാജപുരം കെസിസി പ്രസിഡന്റ് ഒ.സി. ജയിംസ് ഒരപ്പങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. സിബിൻ കൂട്ടകല്ലുങ്കൽ, രാജപുരം ഫൊറോന പള്ളി വികാരി ഫാ. ജോസ് അരീച്ചിറ, ഫാ. ഡിനോ കുമ്മനിക്കാട്ട്, ഫിലിപ്പ് കൊട്ടോടി എന്നിവർ പ്രസംഗിച്ചു.
പടന്നക്കാട് കാർഷിക കോളജ് എഡിആർ കോക്കനട്ട് മിഷൻ ഡയറക്ടർ പ്രഫ. ഡോ. സുജാത, ഏബ്രഹാം ഉള്ളാടപ്പുള്ളിൽ എന്നിവർ വിവിധ വിഷങ്ങളിൽ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ രാജപുരം കേന്ദ്രമാക്കി കർഷക സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു.