അവിസ്മരണീയമായി ബുക്ക്മേറ്റ്സ് സംഗമം
1429848
Monday, June 17, 2024 12:58 AM IST
ചിറ്റാരിക്കാൽ: പുസ്തകങ്ങളോട് കൂട്ടുകൂടിയ കുഞ്ഞുവായനക്കാരുടെ ഒത്തുചേരൽ അവിസ്മരണീയമായ അനുഭവമായി. വായനാനുഭവങ്ങൾ പങ്കുവച്ചും ആസ്വാദനക്കുറിപ്പുകൾ കൈമാറിയും അവർ അക്ഷരക്കൂട്ടൊരുക്കി.
ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി പഞ്ചായത്തിലെ 13 വായനശാലകളെ കോർത്തിണക്കി കഴിഞ്ഞ അവധിക്കാലത്ത് കുട്ടികൾക്കായി നടത്തിയ വായനാ ചാലഞ്ചിൽ പങ്കെടുത്തവരാണ് ബുക്ക്മേറ്റ്സ്-2024 എന്ന പേരിൽ ഒത്തുചേർന്നത്. ചിറ്റാരിക്കാൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. വായിച്ച പുസ്തകങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ എഴുതി തയ്യാറാക്കിയ ആസ്വാദന കുറിപ്പുകൾ പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ അധ്യക്ഷനായി.
വായനാ ചാലഞ്ചിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച കമ്പല്ലൂർ ജിഎച്ച്എസ്എസിനും സിആർസി ഗ്രന്ഥശാലയ്ക്കും മാത്യു മാഞ്ഞൂർ സ്മാരക പുരസ്കാരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ സമർപ്പിച്ചു. ചാലഞ്ച് വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.സോമൻ നിർവഹിച്ചു. വായനാ ചാലഞ്ചിന്റെ മെന്ററായിരുന്ന സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.ആർ.ലതാഭായി ചാലഞ്ച് അവലോകനം നടത്തി.
കമ്പല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി.ബൈജു, വളപട്ടണം പഞ്ചായത്ത് ലൈബ്രേറിയൻ ബിനോയ് മാത്യു, സിആർസി ലൈബ്രറി പ്രസിഡന്റ് കെ.പി.ദാമോദരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗങ്ങളായ കെ. ഗോവിന്ദൻ, ടി.വി.കൃഷ്ണൻ, ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു.
165 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സംഗമത്തിൽ ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ജിതേഷ് കമ്പല്ലൂർ മോഡറേറ്ററായി. നയന പ്രസാദ്, ശ്രേയ പ്രജീഷ്, കെ.എസ്.സുകന്യ, കെ.വി.ദേവനന്ദ, ഒ.ടി.ഫർസാന, സിൻസ വിനോദ്, കെ.അനുഗ്രഹ, റോഷിന ജോമോൻ, ആൻ ജോസഫ്, നാദിയ അഷറഫ്, ആഞ്ജലീന റെജി എന്നിവർ വായനാനുഭവങ്ങൾ പങ്കുവച്ചു.