പയസ്വിനി മാവിന്റെ അതിജീവനത്തിന് രണ്ടുവർഷം
1429844
Monday, June 17, 2024 12:58 AM IST
കാസർഗോഡ്: വർഷങ്ങൾക്ക് മുമ്പ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കവയിത്രി സുഗതകുമാരി നട്ട തേന്മാവ് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അടുക്കത്തുവയൽ സ്കൂൾ പരിസരത്തേക്ക് പറിച്ചു നട്ടതിന്റെ രണ്ടാം വാർഷികം കാസർഗോഡ് പീപ്പിൾസ് ഫോറത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.
സുഗതകുമാരി പയസ്വിനിയെന്ന് പേരിട്ടുവിളിച്ച മാവ് ഇപ്പോൾ സ്കൂൾ പരിസരത്ത് വളർന്നു പന്തലിച്ചു നില്ക്കുകയാണ്. പറിച്ചുനട്ടതിനു ശേഷം ഒരുവട്ടം കായ്ക്കുകയും ചെയ്തു. ‘പയസ്വിനിത്തണലിൽ' എന്നു പേരിട്ട ആഘോഷം കവി കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്കു വേണ്ടി ജീവിച്ച സുഗതകുമാരിക്ക് ഏറ്റവും ഉചിതമായ സ്മാരകമാണ് ഈ മാവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിനകം മാവിന് ചുറ്റും തറ നിർമിച്ചും ചെടികൾ നട്ടുവളർത്തിയും ഇരിപ്പിടങ്ങൾ നിർമിച്ചും ഉദ്യാനമൊരുക്കുമെന്ന് പീപ്പിൾസ് ഫോറം പ്രസിഡന്റ് പ്രഫ.വി.ഗോപിനാഥൻ അറിയിച്ചു.
പൂർണവളർച്ചയെത്തി കായ്ച്ചുതുടങ്ങിയിരുന്ന മാവ് വേരോടെ പറിച്ചുനട്ട് പുനരുജ്ജീവിപ്പിച്ച സംഭവങ്ങൾ സംസ്ഥാനത്ത് അപൂർവമാണ്. വേരുകൾ വീണ്ടും വളർന്നുവരുന്നതിനും ഫംഗസ് ബാധ തടയുന്നതിനുമുള്ള മരുന്നുകളുൾപ്പെടെ ഇതിനായി ഉപയോഗിച്ചിരുന്നു.
മാവ് പറിച്ചുനടുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായ ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെയും ദേശീയപാതാ നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
നഗരസഭാ കൗൺസിലർ പി.രമേശൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ വനവത്കരണ വിഭാഗം പ്രതിനിധി വിജയനാഥ്, മാധ്യമ പ്രവർത്തകൻ വി.യു.മാത്തുക്കുട്ടി, പീപ്പിൾസ് ഫോറം ഭാരവാഹികളായ കെ.വി.കുമാരൻ, വി.ഡി.ജോസഫ്, എൻ.എം.കൃഷ്ണൻ നമ്പൂതിരി, മുഖ്യാധ്യാപിക യശോദ, അധ്യാപിക ലത എന്നിവർ പ്രസംഗിച്ചു.