ദേശീയപാതയ്ക്കു പിന്നാലെ തീരദേശ റോഡിലും യാത്രാദുരിതം
1429165
Friday, June 14, 2024 2:01 AM IST
നീലേശ്വരം: ദേശീയപാതയിലെ ചെളിക്കുഴികളിലും ഗതാഗതക്കുരുക്കുകളിലും നിന്ന് രക്ഷപ്പെടാൻ കോട്ടപ്പുറം-അച്ചാംതുരുത്തി തീരദേശ റോഡിനെ ആശ്രയിക്കുന്നവർ വീണ്ടും കുരുങ്ങുന്നു. പല ഭാഗങ്ങളിലും റോഡിന്റെ വീതിക്കുറവും കായലോരങ്ങളിൽ പോലും അരികുഭിത്തികളില്ലാത്തതും വാഹനയാത്രക്കാരെ വലയ്ക്കുന്നു. അതോടൊപ്പം മഴയിൽ ടാറിംഗ് ഇളകി കുഴികളും രൂപപ്പെട്ടു. കോട്ടപ്പുറത്ത് ഹൗസ്ബോട്ടുകളിൽ കയറാനെത്തുന്ന വിനോദസഞ്ചാരികളുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ ഒരേസമയം എത്തുമ്പോൾ ഗതാഗതക്കുരുക്കും പതിവായി.
കോട്ടപ്പുറം ഭാഗത്ത് പലയിടങ്ങളിലും നേരത്തേ തകർന്നിരുന്ന റോഡ് മഴയിൽ ഒന്നുകൂടി തകർന്നു. അച്ചാംതുരുത്തി പാലത്തിന്റെ വടക്കുവശത്ത് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. പലതവണയായി ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. റോഡിന്റെ വീതി കുറവായ ഭാഗങ്ങളിൽ വലിയ വാഹനങ്ങൾ മുഖാമുഖം വരുമ്പോഴും അപകടസാധ്യതയേറുന്നു.
ചെറുവത്തൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിൽനിന്ന് ദേശീയപാത ഒഴിവാക്കി നീലേശ്വരത്തും കാഞ്ഞങ്ങാട്ടും എത്താനുള്ള എളുപ്പമാർഗമെന്ന നിലയിൽ നിരവധി വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. ദേശീയപാതയിൽ കൂടുതൽ പ്രവൃത്തികളും ഗതാഗതനിയന്ത്രണവും ഉണ്ടാകുമ്പോൾ ബസുകളടക്കം ഇതുവഴി തിരിച്ചുവിടുന്നുണ്ട്. അടിയന്തിരമായി റോഡിലെ കുഴികൾ നികത്തുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അരികുഭിത്തികൾ നിർമിക്കുന്നതിനുമുള്ള നടപടികളെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.