നീലേശ്വരം സ്റ്റേഷന്റെ അടിസ്ഥാനവികസനത്തിന് പരിഗണന നല്‍കും: അരുണ്‍കുമാര്‍ ചതുര്‍വേദി
1424730
Saturday, May 25, 2024 1:32 AM IST
നീലേശ്വരം: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം നടത്തുന്നതിനായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയും സംഘവും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി പരിശോധന നടത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എംഎല്‍എ, കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ്കുഞ്ഞി, കെ.പി. മോഹനന്, പി.എം.അബ്ദുള്‍ നാസര്‍, സത്താര്‍ ആവിക്കര എന്നിവർ സ്റ്റേഷനില്‍ ഉടനടി നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി അറിയിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ വന്ന് കണ്ട നീലേശ്വരം റെയില്‍വേ ഡെവലപ്മെന്റ് കളക്ടീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം.
ഡിആര്‍എമ്മിന്റെ നേതൃത്വത്തിലുള്ള സംഘത്തെ എന്‍ആര്‍ഡിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാത്രികാലങ്ങളില്‍ കമേഴ്സ്യല്‍ സ്റ്റാഫിന്റെ സേവനം ലഭ്യമാക്കുക, ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി, പ്ലാറ്റ്ഫോമിന്റെ നീളം എന്നിവ വര്‍ധിപ്പിക്കുക, കൂടുതല്‍ പ്ലാറ്റ്ഫോം ഷെല്‍റ്ററുകള്‍ നിര്‍മിക്കുക, ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേകം വിശ്രമമുറി നിര്‍മിക്കുക, സിസിടിവി സൗകര്യം ഏര്‍പ്പെടുത്തുക, കിഴക്കുഭാഗത്ത് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി.
ശുചിമുറിയുടെ വൃത്തിയില്ലായ്മ, കമ്പ്യൂട്ടറൈസ്ഡ് അനൗണ്‍സ്മെന്റ് സിസ്റ്റത്തിന്റെ അഭാവം എന്നിവ എന്‍ആര്‍ഡിസി ഭാരവാഹികള്‍ ഡിആര്‍എമ്മിന്റെ ശ്രദ്ധയില്‍പെടുത്തി. എഡിആര്‍എം എസ്.ജയകൃഷ്ണന്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഡിആര്‍എമ്മിന്റെ സംഘത്തിലുണ്ടായിരുന്നു.
എന്ആര്ഡിസിക്കു വേണ്ടി രക്ഷാധികാരി ഡോ.വി.സുരേശന്, പ്രസിഡന്റ് കെ.എം.ഗോപാലകൃഷ്ണന്, സെക്രട്ടറി എന്‍.സദാശിവന്, ട്രഷറര്‍ എം.ബാലകൃഷ്ണന്, പി.യു.ചന്ദ്രശേഖരന്, പി.ടി.രാജേഷ്, കെ.ദിനേശന്, കെ.അജിത്, എം.വിനീത്, ഗീത റവു, നജീബ് കാരയില്‍, കെ.വി.അശ്വിന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.