മഴവെള്ളം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്; പാതയോരത്തെ കുടുംബങ്ങൾ ദുരിതത്തിൽ
1424727
Saturday, May 25, 2024 1:32 AM IST
ചെറുവത്തൂർ : അശാസ്ത്രീയമായ ഓവുചാൽ നിർമാണത്തിന്റെ ദുരിതം പേറി കഴിയുകയാണ് ഞാണങ്കൈ- കണ്ണാടിപ്പാറ പാതയോരത്തുള്ള പത്തിൽപരം കുടുംബങ്ങൾ. കുത്തിയൊലിച്ചു വരുന്ന മഴവെള്ളം താഴ്ന്ന പ്രദേശത്തെ വീടുകൾക്കകത്ത് നിറയുകയാണ്. മെക്കാഡം റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇവർക്ക് ഈ ദുരവസ്ഥ തുടങ്ങിയത്.
കണ്ണാടിപ്പാറ മുത്തപ്പൻ മടപ്പുര മുതൽ ഞാണങ്കൈ ദേശീയപാത വരെയുള്ള വീടുകളിലാണ് ചെളിവെള്ളം ഒഴുകിയെത്തുന്നത്. റോഡിന്റെ അരികിടിഞ്ഞ് ചരൽ മണ്ണ് ഉൾപ്പെടെ വീട്ടുവളപ്പിലേക്ക് വന്നടിയുകയാണ്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡിന്റെ താഴ്വാരത്ത് താമസിക്കുന്ന കുഞ്ഞിരാമന്റെ വീട്ടുവളപ്പിന്റെ മതിലും കിണറും കഴിഞ്ഞദിവസം തകർന്നു.
മഴവെള്ളപ്പാച്ചിൽ അരിക് ഇടിയുന്നത് തുടർന്നാൽ ഒരുപക്ഷേ റോഡിന്റെ നിലനിൽപ്പിനെ തന്നെ ഇത് ബാധിക്കും. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ് പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മെക്കാഡം പാതയുടെ നിരപ്പിൽ നിന്നും താഴ്ന്ന് കിടക്കേണ്ടതിനു പകരം അരമീറ്ററോളം ഉയരത്തിലാണ് ഓവുചാൽ നിർമിച്ചിട്ടുള്ളത്.
ഇതു മൂലം റോഡിലെ വെള്ളം ഓവുചാലിലേക്ക് ഒഴുകിയെത്തുന്നുമില്ല. മാത്രമല്ല ഇവിടെ 200 മീറ്ററോളം ഭാഗത്ത് ഒരു ചാൽ നിർമിച്ചിട്ടു പോലുമില്ല. പാതയോരത്ത് ചാലുകീറി മഴവെള്ളം ഇറങ്ങി വരുന്നത് തടയാനുള്ള കഠിനശ്രമത്തിലാണ് ഇപ്പോൾ നാട്ടുകാർ. മഴ കൂടുതൽ ശക്തമാകുന്നതോടെ കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തെ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് പ്രദേശത്തെ കുടുംബങ്ങൾ.