ഓടിക്കൊണ്ടിരിക്കെ ടാങ്കറില്‍ വാതകചോര്‍ച്ച: ഒഴിവായത് വന്‍ദുരന്തം
1424530
Friday, May 24, 2024 1:27 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ച. ഡ്രൈവറുടെ ജാഗ്രതയില്‍ ഒഴിവായത് വന്‍ദുരന്തം. കാഞ്ഞങ്ങാട് ടൗണിന് അഞ്ചുകിലോമീറ്ററോളം അകലെയുള്ള ചിത്താരിയിൽ ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം.
മംഗളുരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്‍ഡേയ്ന്‍ പാചകവാതക ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ടാങ്കര്‍ ലോറി ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എയുപി സ്കൂളിന് സമീപം നിര്‍ത്തിയിടുകയായിരുന്നു.
റോട്ടോഗേജ് എന്നറിയപ്പെടുന്ന സൈഡ് വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. കുമ്പളയില്‍ വലിയ ഗട്ടറില്‍ ടാങ്കര്‍ വീണപ്പോള്‍ ലീക്ക് ഉണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് നിന്നും കാസര്‍ഗോഡ് നിന്നുമായി മൂന്നു യൂണിറ്റ് ഫയര്‍ ഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തുകയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പോലീസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 300 മീറ്റര്‍ ചുറ്റളവിലുള്ള നൂറോളം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി.
കടകള്‍ അടപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മഡിയന്‍-വെള്ളിക്കോത്ത് വഴിയും കാസര്‍ഗോഡ് ഭാഗത്തുനിന്നുള്ളവയെ ചാമുണ്ഡിക്കുന്ന്-പാറക്കടവ് പാലം വഴിയും ദേശീയപാതയിലേക്ക് തിരിച്ചുവിട്ടു.
പാചകവാതകം ചോര്‍ന്ന് രണ്ടരമണിക്കൂറിന് ശേഷമാണ് ചോര്‍ച്ച താത്കാലികമായി അടച്ചത്. പിന്നീട് മംഗളുരു ഐഒസിയില്‍ നിന്ന് വിദഗ്ധരെത്തിയാണ് വാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റിയത്. വൈകുന്നേരത്തോടെ രണ്ടു ടാങ്കറുകളിലായി വാതകം പൂര്‍ണമായും മാറ്റി. വണ്ടികള്‍ പോയതിനെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചു.