കാര്‍ വാങ്ങാന്‍ മോഷണം: മുഴുവന്‍ പ്രതികളും അറസ്റ്റില്‍
1424311
Thursday, May 23, 2024 12:44 AM IST
കാഞ്ഞങ്ങാട്: കാര്‍ വാങ്ങാനുള്ള പണത്തിനായി മോഷണം നടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. കാഞ്ഞങ്ങാട്ടെ ചോക്ലേറ്റ്, ഐസ്ക്രീം കടകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഞാണിക്കടവിലെ മുഹമ്മദ് ആസിഫലി (19)യാണ് അറസ്റ്റിലായത്. മറ്റു പ്രതികളായ കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഫസല്‍ റഹ്മാന് (19), ബി.ബിവീഷ് (19), 17കാരന് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജനുവരി 14 ന് കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് 42,430 രൂപയുടെ ചോക്ലേറ്റാണ് മോഷ്ടിച്ചത്. മേശവലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമെടുത്തു.
ഈ കവര്‍ച്ചയ്ക്ക് ഏതാനും ദിവസം മുന്‍പ് കാഞ്ഞങ്ങാട് വടകരമുക്കിലെ കരാവലി മാര്‍ക്കറ്റിംഗ് ഐസ്ക്രീം ഗോഡൗണില്‍ നിന്ന് 70,000 രൂപ കവര്‍ന്നിരുന്നു. ചോക്ലേറ്റ് കടക്ക് സമീപത്തെ വസ്ത്ര സ്ഥാപനത്തിലെയും ഐസ്ക്രീം ഗോഡൗണിലെ സിസിടിവിയിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞു.
വെവ്വേറെ സംഘമാണ് കവര്‍ച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തില്‍ ആസിഫലി ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം യുവാവ് പാലക്കാട് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കൂട്ടുപ്രതിയായ യുവാവിന് കാര്‍ വാങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ഇതിന് പണം കണ്ടെത്താന്‍ കവര്‍ച്ചക്ക് ഒപ്പം കൂടിയതാണെന്നും ആസിഫലി പോലീസിനോട് പറഞ്ഞു.