നീലേശ്വരം താത്കാലിക ബസ് സ്റ്റാൻഡിലെ ചെളിക്കുളം ഗ്രാവലിട്ട് നികത്തി
1424309
Thursday, May 23, 2024 12:44 AM IST
നീലേശ്വരം: ആദ്യമഴയിൽ തന്നെ ചെളിക്കുളമായ നീലേശ്വരത്തെ താത്കാലിക ബസ് സ്റ്റാൻഡ് യാർഡ് ഗ്രാവലിട്ട് നികത്തി. ചൊവ്വാഴ്ച രാത്രി വൈകി ബസുകളും യാത്രക്കാരുമെല്ലാം ഒഴിഞ്ഞുപോയതിനു ശേഷമാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഗ്രാവലിറക്കിയത്. ഇറക്കിയതിനൊപ്പംതന്നെ ജെസിബി ഉപയോഗിച്ച് ചെളിക്കു മുകളിൽ നിരത്തി ഉറപ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.രവീന്ദ്രൻ നേരിട്ടെത്തി പ്രവൃത്തികൾക്ക് മേൽനോട്ടം വഹിച്ചു.
രാജാറോഡിലെ പെട്രോൾപമ്പിന് എതിർവശത്തുള്ള ചതുപ്പുനിലം മണ്ണിട്ടുനികത്തിയാണ് താത്കാലിക ബസ് സ്റ്റാൻഡ് യാർഡ് ഒരുക്കിയിരുന്നത്. ആദ്യമഴയിൽ തന്നെ ഈ മണ്ണും വെള്ളവും കൂടിക്കുഴഞ്ഞ് യാർഡ് മുഴുവനും ചെളിക്കുളമായി മാറുകയായിരുന്നു.
ഇതിനു മുകളിലൂടെ കയറിയിറങ്ങുന്ന ബസുകൾ വീണ്ടും റോഡിലേക്ക് പ്രവേശിക്കുമ്പോൾ രാജാറോഡ് മുഴുവനായും ചെളിയിൽ മുങ്ങുന്ന അവസ്ഥയായിരുന്നു. ഇതോടെ ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടത്തിൽ പെടുന്ന സാഹചര്യവുമുണ്ടായി.
ബസ് സ്റ്റാൻഡ് യാർഡിലെത്തുന്ന യാത്രക്കാരും ഏതുനിമിഷവും ചെളിയിൽ തെന്നിവീഴാവുന്ന സ്ഥിതിയായിരുന്നു.