നാടിനെ ഞെട്ടിച്ച് വീണ്ടും മോഷണം
1424108
Wednesday, May 22, 2024 1:48 AM IST
പയ്യന്നൂര്‍: വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 76 പവൻ സ്വര്‍ണാഭരണങ്ങളും നാലായിരം രൂപയും കവര്‍ന്നു.പയ്യന്നൂർ പെരുമ്പ കൃഷ്ണാ ട്രേഡേഴ്സിന് സമീപം റഫീഖ് മന്‍സിലില്‍ സുഹ്റയുടെ വീട്ടിലാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വീട്ടുകാർ വീടിന്റെ മുകൾനിലയിൽ ഉറങ്ങുമ്പോഴായിരുന്നു താഴത്തെനിലയിൽ കവർച്ച. സുഹ്റയുടെ മകള്‍ സാജിതയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.
ഇന്നലെ രാവിലെ ആറേകാലോടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. അകത്തെ രണ്ട് മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. രണ്ടുമുറികളിലെ അലമാരകളിലായി സുഹ്റയുടെ മക്കള്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. അലമാരകളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരുന്നതിനാല്‍ സംഭവ സമയത്ത് വീട്ടിലില്ലായിരുന്നു. സുഹ്റയുടെ മകന് റഫീഖും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
വാതില്‍ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാര മോഷണം നടന്ന മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മോഷണം നടന്ന മുറിയില്‍നിന്ന് ഒരു വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. അലമാരകളില്‍ സൂക്ഷിച്ചിരുന്ന ബാങ്ക് പാസ്ബുക്കും മറ്റു രേഖകളും വീട്ടുപറമ്പില്‍ തന്നെ പരിശോധനയ്ക്കുശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷണം നടന്ന വീട്ടിൽ നിന്ന് മണം പിടിച്ച ലോലി എന്ന പോലീസ് നായ ഇടവഴിയിലൂടെ ഓടിക്കയറിയത് ദേശീയപാതയിലേക്കാണ്. ഇതേ തുടർന്ന് സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടേ കാലിനും നാലരയ്ക്കുമിടയിൽ ഒരേ വ്യക്തി അഞ്ച് പ്രാവശ്യം ഇതിലൂടെ പോകുന്നതായി കണ്ടെത്തി.
കണ്ടോത്തും മോഷണശ്രമം
പയ്യന്നൂര്‍: കണ്ടോത്ത് പൂട്ടിക്കിടന്ന വീട്ടിലും മോഷണശ്രമം. കാങ്കോൽ വെസ്റ്റ്കോസ്റ്റ് കമ്പനി ജീവനക്കാരന് കണ്ടോത്ത് പാട്യത്തെ പീടിയക്കല്‍ ഡൊമിനിക്കിന്റെ പൂട്ടിയിട്ട വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയത്തേക്ക് പോയ ഇവര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. കാര്യമായ മോഷണമൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.