സ്കൂളുകളിലെ സോഷ്യല്‍ ഓഡിറ്റ് 24 മുതല്‍
1424022
Tuesday, May 21, 2024 7:47 AM IST
കാസര്‍ഗോഡ്: പുതിയ അധ്യയന വര്‍ഷം ജൂണ്‍ മൂന്നിന് ആരംഭിക്കുന്നതിന് ഫലപ്രദമായി മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സ്കൂള്‍ സേഫ്റ്റി ഓഡിറ്റ് നടത്തും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ തലത്തില്‍ വിവിധ വകുപ്പുകളുടെയും സ്കൂള്‍ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് സ്കൂള്‍ സുരക്ഷ സംബന്ധിച്ച പരിശീലനം നല്കി കഴിഞ്ഞെന്നും റിസോഴ്സ് പേര്സണ്മാരായ ഈ അധ്യാപകര്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും സേഫ്റ്റി ഓഡിറ്റിന് നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.ദിനേശ് പറഞ്ഞു.
മുന്‍ പൊതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.നന്ദികേശന്റെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള് 84 വിദ്യാലയങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും തുടര്‍ന്ന് എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലും സിബിഎസ്ഇ, ഐസിഎസ്സി വിദ്യാലയങ്ങളിലും ഓഡിറ്റ് നടത്തും.
നൂറോളം പരിശീലകരാണ് ജില്ലയില്‍ സ്കൂള്‍ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. നാല്- അഞ്ച് പേരടങ്ങുന്ന സംഘങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിശോധന നടത്തി സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കും.
കഴിഞ്ഞ വര്‍ഷം മുതല്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നേര്‍വഴി എന്ന പദ്ധതി നടപ്പിലാക്കിവരുന്നുണ്ടെന്നും പൂര്‍ണമായും ലഹരിക്ക് അടിമപ്പെട്ടുവെന്ന് അധ്യാപകര്‍ ഉറപ്പാക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്കിയാല് ഉടന്‍ എക്സൈസ് വകുപ്പിലെ മെന്റര്‍മാര്‍ കുട്ടികളുമായി നേരിട്ട് ബന്ധപ്പെട്ട് വിജയം ഉറപ്പാക്കിയ പദ്ധതിയാണിതെന്നും സ്കൂള്‍ സേഫ്റ്റി ഓഡിറ്റിന്റെ പരിധിയില്‍ സമീപ പ്രദേശങ്ങളിലെ കടകളും ഉള്‍പ്പെടണമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജ് പറഞ്ഞു. സ്കൂള്‍ സേഫ്റ്റി ഓഡിറ്റില്‍ എക്സൈസ് പൂര്‍ണമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും സുരക്ഷയും ഉറപ്പാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പ്രതിനിധി പറഞ്ഞു. സ്കൂളുകളിലെ കെഎസ്ഇബിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പ്രതിവിധി, ദേശീയപാതയോരത്തെ സ്കൂളുകളിലെ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരമായി സ്കൂള്‍ പരിസരത്തെ റോഡുകളില്‍ ഹോം ഗാര്‍ഡിന്റെ സേവനം എന്നിവ വിവിധ സ്കൂളുകളുടെ മുഖ്യാധ്യാപകര്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.