ചെറുപുഴ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
1424020
Tuesday, May 21, 2024 7:47 AM IST
ചെറുപുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. വാർഷിക പദ്ധതിയിൽ റോഡ് വികസനത്തിനുള്ള ഒരു കോടിയോളം രൂപ ചെലവഴിക്കാതെ സ്പിൽ ഓവറാക്കിയതിൽ പ്രതിഷേധിച്ചും മൂന്നര വർഷത്തെ പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേയുമായിരുന്നു മാർച്ച്.
ചെറുപുഴ കോൺഗ്രസ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ബസ്റ്റാൻഡ് ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി. ചെറുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പി.ഡി. റോയിച്ചൻ, മനോജ് എന്നിവരുടെ നേത്യത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
ഇതിനിടയിൽ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിന് കാരണമായി. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ, എ. ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, ഷാജൻ ജോസ്, സലീം തേക്കാട്ടിൽ, കെ.ഡി. പ്രവീൺ, പ്രണവ് കരേള, വി.വി. ദാമോദരൻ, സലീം തേക്കാട്ടിൽ, തോമസ് കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു.