ദേശീയപാത നിര്‍മാണമേഖലകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കളക്ടറുടെ നിർദേശം
1423567
Sunday, May 19, 2024 7:30 AM IST
കാസർഗോഡ്: ജില്ലയിൽ ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന വിവിധ പ്രദേശങ്ങളിൽ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശനം നടത്തി. കാലവര്‍ഷത്തില്‍ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകള്‍ പ്രത്യേകം പരിശോധിച്ചു. ചെങ്കള, തെക്കില്‍, ചട്ടഞ്ചാല്‍, പൊയിനാച്ചി, പുല്ലൂര്‍ പാലം, ചെമ്മട്ടംവയല്‍, കാര്യങ്കോട് പാലം, വീരമലക്കുന്ന് മട്ടലായിക്കുന്ന് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ചെങ്കളയിൽ മേൽപാലത്തിന്റെ പ്രവൃത്തി നടക്കുന്ന ഭാഗത്തെ രൂക്ഷമായ വെള്ളക്കെട്ടിന് ഒരാഴ്ചയ്ക്കകം പരിഹാരം കാണുന്നതിന് കളക്ടര്‍ നിർമാണ കരാറുകാർക്ക് നിര്‍ദേശം നല്കി. ഓവുചാലിന്റെ നിർമാണം പൂര്‍ത്തീകരിച്ച് നിലവില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
നിലവില്‍ താഴ്ന്നുകിടക്കുന്ന പ്രദേശം മണ്ണിട്ട് ഉയര്‍ത്തുമെന്നും ഓവുചാലിന്റെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും കരാറുകാരുടെ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. ചെങ്കള താഴെ ഭാഗത്ത് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് അധികമായി നിക്ഷേപിച്ച മണ്ണ് നീക്കംചെയ്ത് മണ്ണിടിച്ചില്‍ സാധ്യത തടയുമെന്നും കരാറുകാര്‍ അറിയിച്ചു.
ചെങ്കള പുലിക്കുണ്ടിൽ ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്ന കേളുമണിയാണിയുടെ കുടുംബത്തിന് പട്ടയം നല്‍കുന്നതിനുള്ള അനുമതിക്കായി ദേശീയപാത അഥോറിറ്റിയെ സമീപിക്കുമെന്നും മൂടിയ കിണറിന് നഷ്ടപരിഹാരം നല്‍കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. തെക്കിലില്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് വഴി തടസപ്പെട്ട രണ്ട് കുടുംബങ്ങളുടെ പരാതി പരിഹരിക്കുന്നതിനും കളക്ടര്‍ നിര്‍ദേശം നല്കി. പൊയിനാച്ചിയിലെ ക്ഷേത്രത്തിനു മുന്നിലൂടെ റോഡ് നിര്‍മാണം നടത്തില്ലെന്നും ഇവിടെ ഒമ്പതു മീറ്റര്‍ ദൂരം പാതയുടെ രൂപരേഖയിൽ മാറ്റം വരുത്തിയതായും നിര്‍മാണ കരാറുകാരുടെ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. ഇതോടെ ഇതു സംബന്ധിച്ച പരാതി പരിഹരിച്ചതായി കളക്ടര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
പുല്ലൂരിൽ നിര്‍മാണം നടക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നത് സംബന്ധിച്ച് പഠിക്കാന്‍ കോഴിക്കോട് എന്‍ഐടിയെ ചുമതലപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. എന്‍ഐടിയുടെ പഠന റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ചെമ്മട്ടംവയലില്‍ ദേശിയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വഴി തടസപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുന്ന ചെറുവത്തൂർ കാര്യങ്കോട് പ്രദേശത്ത് കാലവര്‍ഷത്തിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി.
വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് പാര്‍ശ്വഭിത്തിയുടെ നിർമാണം ഈ മാസം 31 നകം പൂര്‍ത്തീകരിക്കാൻ ധാരണയായി. മട്ടലായിക്കുന്നിന്റെ സംരക്ഷണ ഭിത്തി നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.
ദേശീയപാത അഥോറിറ്റി പ്രതിനിധി സേതുമാധവന്, നിര്‍മാണ കരാര്‍ കമ്പനിയായ മേഘ എൻജിനീയറിംഗിന്റെ പ്രതിനിധികളായ മല്ലികാര്‍ജുന റാവു, ജെ.എസ്.തിവാരി, ശ്രീരാമമൂര്‍ത്തി വെങ്കട്ടരമണ, കാസര്‍ഗോഡ് തഹസില്‍ദാര്‍ അബൂബക്കര്‍ സിദ്ദിഖ്, ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എം.മായ, റവന്യൂ ഇന്‍സ്പെക്ടര്‍ എം.അനൂപ് എന്നിവര്‍ സംബന്ധിച്ചു.