ഓപ്പറേഷൻ ആഗ് : ജില്ലയിൽ പിടിയിലായത് നൂറോളം പേർ
1423566
Sunday, May 19, 2024 7:30 AM IST
കാസർഗോഡ്: ഗുണ്ടകൾക്കും ക്രിമിനലുകൾക്കും സാമൂഹ്യവിരുദ്ധ, ലഹരി മാഫിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ പോലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ്, ഡി ഹണ്ട് നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ജില്ലയിൽ നൂറോളം പേർ കസ്റ്റഡിയിലായി. ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയിൽ പോലീസ് പരിശോധനകൾ ഊർജിതമാക്കിയത്.
ഓപ്പറേഷൻ ആഗ് നടപടികളുടെ ഭാഗമായി ജില്ലയിൽ വിവിധ കേസുകളിൽ പെട്ട് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്ന 67 പേരെ പിടികൂടി.
18 പേരെ മുൻകരുതലായി കസ്റ്റഡിയിലെടുത്തു. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട നാല് പ്രതികളെയും മറ്റു കേസുകളിൽ ഉൾപ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്തു.
ലഹരി മാഫിയകൾക്കെതിരായി നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 135 പേരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. കഞ്ചാവ്, എംഡിഎംഎ എന്നിവ കൈവശം വച്ചതും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു.
14 പ്രതികളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരം മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ബേക്കൽ, ഹോസ്ദുർഗ് സ്റ്റേഷൻ പരിധികളിൽ നിന്നായി അഞ്ചുപേരെ നാടുകടത്തി.
സാമൂഹ്യവിരുദ്ധ, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 14 പേരെ ഇതിനകം നാടുകടത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ മാവിലാ കടപ്പുറം സ്വദേശി അംജാദിനെ ചന്തേര പോലിസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.
ഗുണ്ടാ നിയമപ്രകാരം കൂടുതർ പേർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും റേഞ്ച് ഡിഐജിക്കും റിപ്പോർട്ട് സമർപ്പിക്കും.
രണ്ടിൽ കൂുതൽ കേസുകളിൽ ഏർപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ളവർ വീണ്ടും കേസുകളിൽ ഉൾപ്പെടുന്നപക്ഷം അവർക്കെതിരെ കാപ്പ നിയമ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.