ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
1423330
Saturday, May 18, 2024 10:37 PM IST
കാഞ്ഞങ്ങാട്: പട്ടാപ്പകൽ നഗരമധ്യത്തിലെ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. നയാബസാറിനു മുന്നിലെ തട്ടുകടയിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശി ഉദയൻ (48) ആണ് മരിച്ചത്.
തട്ടുകടയുടെ എതിർവശത്ത് കോട്ടച്ചേരി പെട്രോൾ പമ്പിനു സമീപത്തുള്ള ട്രാൻസ്ഫോർമറിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ ഇയാൾ കയറിയത്. ചുറ്റുമുള്ള ആളുകൾ ഇറങ്ങാനാവശ്യപ്പെടുന്നതിനിടെ മുകളിലേക്ക് കയറി വൈദ്യുത ലൈനിൽ പിടിച്ച് തെറിച്ചുവീഴുകയായിരുന്നു.
തൊട്ടടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡും നാട്ടുകാരും ചേർന്ന് 108 ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തുവർഷത്തോളമായി കാഞ്ഞങ്ങാട് താമസിച്ച് തട്ടുകടയിൽ ജോലിചെയ്തു വരികയായിരുന്നു.