പാമത്തട്ട് ക്വാറി അനുമതിക്കായി വീണ്ടും ശ്രമം
1423176
Saturday, May 18, 2024 12:45 AM IST
കൊന്നക്കാട്: ഏതാനും വർഷങ്ങളായി കോട്ടഞ്ചേരി പാമത്തട്ട് മുട്ടോംകടവ് മേഖലകളിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയ ഒന്നാണ് പാമത്തട്ടിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കം.
ക്വാറിക്കായി ശ്രമിക്കുന്ന സംരംഭകന് മുമ്പ് ഇക്കാര്യത്തിനായി പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നു.
എന്നാൽ ഡിസ്ട്രിക് എൻവയോൺമെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റി നൽകിയ പരിസ്ഥിതികാനുമതികളുടെ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാത്ത ക്വാറികളെല്ലാം സംസ്ഥാന എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റിക്ക് പുതിയ അപേക്ഷ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി പാരിസ്ഥിതികാനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാവൂ എന്ന് ജില്ലാതല സംവിധാനത്തെ പിരിച്ചുവിട്ട ഗ്രീൻ ട്രിബ്യൂണൽ വിധിയെത്തുടർന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പുതിയ പാരിസ്ഥിതികാനുമതിക്കായി പാമത്തട്ടിലെ ക്വാറി സംരംഭകൻ സംസ്ഥാന അഥോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
എന്നാൽ പ്രായോഗികമായി ഇപ്പോൾ അസാധുവായ പാരിസ്ഥിതികാനുമതി ഉണ്ടായിരുന്ന ഘട്ടത്തിൽ ക്വാറിക്കായി സമ്പാദിച്ച എക്സ്പ്ലോസീവ് ലൈസൻസിന്റെ ബലത്തിൽ ബളാൽ പഞ്ചായത്തിൽ നിന്നു കോടതി ഇടപെടലുകളുടെ സഹായത്തോടെ നേടിയെടുത്ത പ്രവർത്താനാനുമതി പുതുക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.
അതിനായി പഞ്ചായത്ത് ഭരണസമിതിക്കുമുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷ ഇന്നത്തെ ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കളക്ടർ മൂന്നുതവണ എൻഒസി നിരസിച്ചിട്ടും എക്സ്പ്ലോസീവ് ലൈസൻസ് ലഭ്യമായത് ബന്ധപ്പെട്ട ഒരു ചട്ടത്തിൽ തിരിമറി നടത്തിയതാണെന്നു കാണിച്ച് കോട്ടഞ്ചേരി- പാമത്തട്ട് സംരക്ഷണ സമിതി നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നിലവിൽ പരിസ്ഥിതികാനുമതി ഇല്ലാത്തതും എക്സ്പ്ലോസീവ് ലൈസൻസ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കയും ചെയ്തിരിക്കുന്ന പാമത്തട്ട് ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകരുതെന്ന് പാമത്തട്ട് സംരക്ഷണ സമിതി നിവേദനത്തിലൂടെ പഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടഞ്ചേരി-പാമത്തട്ട് സംരക്ഷണ സമിതി ചെയർമാൻ ജിജോ പി.മാനുവൽ പറഞ്ഞു.