കര്‍ഷകര്‍ക്ക് കൊടുക്കേണ്ടത് 1.22 കോടി, കൊടുത്തത് 8.56 ലക്ഷം !
1422976
Friday, May 17, 2024 12:54 AM IST
കാഞ്ഞങ്ങാട്: പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയത് 8.56 ലക്ഷം മാത്രം. 2022 മാര്‍ച്ച് മാസം മുതല്‍ ഈ മാസം 15 വരെയുള്ള കണക്കുകള്‍ പ്രകാരം അര്‍ഹതപ്പെട്ട തുകയുടെ ആറുശതമാനം മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്.
2,492 കര്‍ഷകര്‍ക്ക് 1.22 കോടി രൂപയാണ് നല്‍കേണ്ടത്. പരിശോധനകളെല്ലാം കഴിഞ്ഞെങ്കിലും പണം മാത്രം എത്തിയില്ല. ഇപ്പോള്‍ ലഭിച്ച 8.56 ലക്ഷവും കേന്ദ്ര വിഹിതമാണ്.
2,921 അപേക്ഷകളാണ് ഇക്കാലയളവില്‍ അധികൃതര്‍ക്ക് ലഭിച്ചത്. നവകേരളസദസിലും കളക്ടറുടെ വില്ലേജ് ഓഫീസ് സന്ദര്‍ശനവേളയിലും കര്‍ഷകര്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ല. മഴ, കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് പ്രധാനമായും കൃഷിനാശമുണ്ടായത്. ഒരു സീസണില്‍ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെങ്കില്‍ തന്നെ അടുത്തതവണ കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ രണ്ടുവര്‍ഷത്തോളമായി നഷ്ടപരിഹാരം വൈകുമ്പോള്‍ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും.
കാഞ്ഞങ്ങാട് ബ്ലോക്കില്‍ നിന്നാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ കൂടുതലും. 1079 അപേക്ഷകള്‍. ആകെ ലഭിച്ച 2,921 അപേക്ഷകളില്‍ 62 എണ്ണം അര്‍ഹതയില്ലെന്ന് കണ്ട് തള്ളി. 288 എണ്ണം തെറ്റുകള്‍ തിരുത്താന്‍ തിരിച്ചയച്ചിട്ടുണ്ട്.
3.41 കോടിയുടെ കൃഷിനാശം;
പക്ഷേ നഷ്ടപരിഹാരം
കൊടുക്കില്ല
കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ കൊടുംവരള്‍ച്ചയില്‍ ജില്ലയില്‍ ഉണ്ടായത് 3.41 കോടിയുടെ കൃഷിനാശമെന്ന് കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട്. ജനുവരി ഒന്നുമുതല്‍ മേയ് 15 വരെയുള്ള കണക്കനുസരിച്ച് 2308.490 ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് കരിഞ്ഞുണങ്ങിയത്. എന്നാല്‍ വരള്‍ച്ച പ്രകൃതിദുരന്തത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.
തൃക്കരിപ്പൂര്‍ കൃഷിഭവന് പരിധിയിലാണ് ഏറ്റവുമധികം നാശമുണ്ടായത്. 2300 ഹെക്ടര്‍ സ്ഥലത്തായി 3.10 കോടിയുടെ കൃഷിനാശമുണ്ടായി. നോര്‍ത്ത് തൃക്കരിപ്പൂരില്‍ 40 കര്‍ഷകരുടെ കുലയ്ക്കാത്ത തെങ്ങുകള്‍ നശിച്ചു. 33.60 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെയുണ്ടായത്. 28 കര്‍ഷകരുടെ 350 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറികൃഷി നശിച്ചു.
1.4 കോടിരൂപയുടെ നഷ്ടം. 40 കര്‍ഷകരുടെ 450 ഹെക്ടര്‍ സ്ഥലത്തെ കുലച്ച തെങ്ങുകള്‍ ഉണങ്ങി. 5.75 ലക്ഷത്തിന്റെ നഷ്ടം. സൗത്ത് തൃക്കരിപ്പൂരില്‍ 36 കര്‍ഷകരുടെ 350 ഏക്കര്‍ പച്ചക്കറി നശിച്ചു. 1.4 കോടിയുടെ നഷ്ടം. 54 കര്‍ഷകരുടെ 400 ഹെക്ടര്‍ സ്ഥലത്തെ 150 കുലയ്ക്കാത്ത തെങ്ങുകള്‍ നശിച്ചു. 4.5 ലക്ഷത്തിന്റെ നഷ്ടം. 48 കര്‍ഷകരുടെ 400 ഹെക്ടര്‍ സ്ഥലത്തെ 148 കുലച്ച തെങ്ങുകള്‍ കരിഞ്ഞുണങ്ങി. 7.40 ലക്ഷത്തിന്റെ നഷ്ടം.
ബളാല്‍ കൃഷിഭവന് കീഴില്‍ 2.5 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതോടെ 13 ലക്ഷം രൂപയാണ് നഷ്ടം. മൂന്നു കര്‍ഷകരുടെ 1000 കുലയ്ക്കാത്ത വാഴകളും നാലു കര്‍ഷകരുടെ 1000 കുലച്ച വാഴകളും നശിച്ചു. നാലു കര്‍ഷകരുടെ 1000 കുലച്ച കവുങ്ങുകള്‍ക്കും നാശം നേരിട്ടു.
ഭീമനടിയില്‍ 23 കര്‍ഷകരുടെ 35 കുലച്ച തെങ്ങുകള്‍ നശിച്ചു.പനത്തടി കൃഷിഭവന് കീഴില്‍ 17 കര്‍ഷകരുടെ കുലയ്ക്കാത്ത കവുങ്ങുകളും അഞ്ചു കര്‍ഷകരുടെ 60 കായ്ച്ച കുരുമുളക് വള്ളികളും കരിഞ്ഞുണങ്ങി.
ഒമ്പത് കര്‍ഷകരുടെ കുലയ്ക്കാത്ത തെങ്ങുകളും 10 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും അഞ്ചു കര്‍ഷകരുടെ 100 കുലച്ച വാഴകളും നശിച്ചതില്‍ പെടുന്നു. 5.29 ലക്ഷമാണ് നഷ്ടം.