അവസാനദിനത്തിൽ ചർച്ചയായി എൻഡോസൾഫാൻ ശില്പവും
1418647
Thursday, April 25, 2024 1:34 AM IST
കാസർഗോഡ്: പ്രചാരണവിഷയങ്ങൾക്ക് പഞ്ഞമില്ലാത്ത കാസർഗോഡിൽ അവസാന ദിനത്തിൽ ചർച്ചയായ കാര്യങ്ങളിലൊന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിലെ എൻഡോസൾഫാൻ ശില്പമാണ്.
എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് എൻഡോസൾഫാൻ ദുരന്തത്തിന്റെ എക്കാലവും നിലനില്ക്കുന്ന പ്രതീകമായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ അമ്മയും കുഞ്ഞും ശില്പം നിർമിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചത്. ജില്ലക്കാരനായ ശില്പി കാനായി കുഞ്ഞിരാമനെ ശില്പനിർമാണത്തിന്റെ ചുമതലയും ഏല്പിച്ചു. പിന്നീട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് ഭരണം വന്നതോടെ ശില്പനിർമാണം പാതിവഴിയിൽ നിലച്ചതും വീണ്ടും എൽഡിഎഫ് വന്നതിനു ശേഷം പുനരാരംഭിച്ചതുമാണ് എൽഡിഎഫ് പക്ഷം തങ്ങളുടെ നേട്ടമായി ഉയർത്തിക്കാട്ടിയത്.
നിർമാണം വൈകിയതുകൊണ്ട് ചെലവു കൂടുകയും ചെയ്തു. അതേസമയം എൻഡോസൾഫാൻ ദുരിതബാധിതർക്ക് മതിയായ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തുന്നതിനു പകരം ശില്പമാണോ വേണ്ടതെന്ന മറുചോദ്യമാണ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ ക്യാമ്പിൽ നിന്നുയർന്നത്. ശില്പത്തിനുവേണ്ടി ചെലവാക്കിയ തുകയുണ്ടായിരുന്നുവെങ്കിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ട എത്രയോ പേർക്ക് മരുന്നും പെൻഷനും എത്തിക്കാമായിരുന്നുവെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി ചെലവഴിക്കാവുന്ന തുക പ്രതിമാ നിർമാണത്തിനുപയോഗിക്കുന്ന ബിജെപി സർക്കാരിന്റെ വഴി തന്നെയാണ് എൽഡിഎഫും എം.വി.ബാലകൃഷ്ണനും സ്വീകരിച്ചതെന്നും ജില്ലയിലെത്തുന്ന എല്ലാവർക്കും മുന്നിൽ എക്കാലത്തും ദുരന്തബാധിത ജില്ലയെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ മാത്രമാകും ശില്പം വഴിയൊരുക്കുകയെന്നും വാദമുയർന്നതോടെ വിഷയത്തിൽ എൽഡിഎഫ് അല്പമെങ്കിലും പ്രതിരോധത്തിലാവുകയും ചെയ്തു.