കൊട്ടിക്കലാശം ഇന്ന്
1418575
Wednesday, April 24, 2024 7:17 AM IST
കാസര്ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകുന്നേരം ആറിന് അവസാനിക്കും. യുഡിഎഫ് സ്ഥാനാര്ഥി രാജ്മോഹന് ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കളനാട് നിന്നു പ്രചാരണ ജാഥയായി ആരംഭിച്ച് കാസര്ഗോഡ് പഴയ ബസ്സ്റ്റാന്ഡില് എത്തിച്ചേരും. തുടര്ന്ന് കൊട്ടിക്കലാശത്തോടെ സമാപിക്കും.
എല്ഡിഎഫ് സ്ഥാനാര്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ 8.30ന് ഹൊസങ്കടിയില് നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളില് സ്വീകരണമേറ്റുവാങ്ങിയ ശേഷം വൈകുന്നേരം പയ്യന്നൂരില് സമാപിക്കും.
എന്ഡിഎ സ്ഥാനാര്ഥി എം.എല്. അശ്വിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കാസര്ഗോഡ് നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നും ആരംഭിച്ച് പഴയ ബസ്സ്റ്റാന്ഡ് വഴി പ്രസ്ക്ലബ് ജംഗ്ഷനില് സമാപിക്കും.
ഇതിനു ശേഷം പൊതുയോഗങ്ങള്, പ്രകടനങ്ങള് എന്നിവ നടത്താന് പാടില്ല. നാളെ നിശബ്ദ പ്രചാരണമാണ്. 26ന് രാവിലെ ഏഴു മുതല് വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ജൂണ് നാലിനാണ് ഫല പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറില് വോട്ടര്മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവര്ത്തനങ്ങള് തെരഞ്ഞെടുപ്പ് കമ്മീഷന് കര്ശനമായി നിരോധിച്ചിട്ടുണ്ട്.