പ്രചാരണച്ചെലവിൽ മുന്നിൽ എം.വി. ബാലകൃഷ്ണൻ
1418573
Wednesday, April 24, 2024 7:17 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനദിനത്തിലെത്തുമ്പോൾ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്കിൽ ഏറ്റവും മുന്നിലുള്ളത് എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ.
ഔദ്യോഗിക കണക്ക് പ്രകാരം എം.വി. ബാലകൃഷ്ണൻ ഇതുവരെ 31,10,046 രൂപയും ചെലവിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി 15,22,115 രൂപയുമാണ് ചെലവാക്കിയിട്ടുള്ളത്. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ഇതുവരെ 14,55,058 രൂപ മാത്രമേ പ്രചാരണത്തിനായി ചെലവഴിച്ചിട്ടുള്ളൂ. കേന്ദ്രത്തിൽനിന്നോ സംസ്ഥാനത്തുനിന്നോ പണമൊന്നും വരാനില്ലാത്തതുകൊണ്ട് പരമാവധി ചെലവുകുറച്ചായിരുന്നു തുടക്കംമുതൽ തന്നെ ഉണ്ണിത്താന്റെ പ്രചാരണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി 95 ലക്ഷം രൂപ ചെലവാക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയുള്ളത്. പ്രചാരണത്തിന്റെ അവസാനദിവസങ്ങളിലെ കണക്കുകൂടി കൂട്ടുമ്പോഴും കാസർഗോഡ് മണ്ഡലത്തിലെ സ്ഥാനാർഥികൾ ചെലവഴിച്ച തുക ഇത്രത്തോളമെത്താൻ ഇടയില്ല.
എം.വി. ബാലകൃഷ്ണനു വേണ്ടി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും പിണറായി വിജയനുമടക്കമുള്ള നേതാക്കൾ മണ്ഡലത്തിലെത്തിയപ്പോൾ അശ്വിനിക്കു വേണ്ടി രാജ്നാഥ് സിംഗും സ്മൃതി ഇറാനിയുമെത്തി. ഉണ്ണിത്താനാകട്ടെ കാര്യമായി താരപ്രചാരകരൊന്നുമില്ലാതെ സ്ഥാനാർഥി നേരിട്ടുതന്നെ സാധാരണക്കാർക്കിടയിലിറങ്ങിയുള്ള പ്രചാരണരീതിയാണ് സ്വീകരിച്ചത്. ഈ കണക്കിലും യുഡിഎഫിന് ചെലവ് കുറയ്ക്കാനായി.
ബിഎസ്പിയിലെ എം. സുകുമാരി 14800, സ്വതന്ത്ര സ്ഥാനാർഥികളായ കെ. മനോഹരൻ 12500, എൻ. ബാലകൃഷ്ണൻ 25000, എൻ. കേശവ നായക് 27300, അനീഷ് പയ്യന്നൂർ 14,814 കെ.ആർ. രാജേശ്വരി 12500 എന്നിങ്ങനെയാണ് മറ്റു സ്ഥാനാർഥികളുടെ ഇതുവരെയുള്ള ചെലവിന്റെ ഔദ്യോഗിക കണക്ക്.