ജില്ലയുടെ സിവിൽ സർവീസ് അക്കാഡമിയിൽ ഇപ്പോഴും പ്രാഥമിക പഠനം മാത്രം
1417319
Friday, April 19, 2024 1:48 AM IST
കാഞ്ഞങ്ങാട്: സിവിൽ സർവീസ് പരീക്ഷകളിൽ മലയാളികൾ തിളങ്ങുമ്പോഴും മിക്കവാറും മറ്റെല്ലാ ജില്ലകളിലും സർക്കാർ തലത്തിൽ തന്നെ കുറഞ്ഞ ചെലവിൽ സിവിൽ സർവീസ് പരിശീലനത്തിന് സൗകര്യമൊരുങ്ങുമ്പോഴും കാസർഗോഡിന് വെറുതേ മോഹിക്കാൻ മാത്രം മോഹം. ഏഴു വർഷം മുമ്പേ ജില്ലയിൽ തുടങ്ങിയ സർക്കാർ സിവിൽ സർവീസ് അക്കാഡമിയിൽ ഇപ്പോഴും ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായുള്ള പ്രാഥമിക തല പഠനം മാത്രമാണ് നടക്കുന്നത്.
ബിരുദ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനത്തിനുള്ള സൗകര്യവും ബിരുദം പൂർത്തിയാക്കി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായുള്ള പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും ജില്ലയിൽ ഇനിയും തുടങ്ങിയിട്ടില്ല. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ വിവിധയിടങ്ങളിലുള്ള പരിശീലനകേന്ദ്രങ്ങളെ ആശ്രയിച്ചാണ് ജില്ലയിൽ നിന്നുള്ളവർ സിവിൽ സർവീസ് പരിശീലനം നേടുന്നത്. സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച നിലവാരത്തിലുള്ള പരിശീലനം നേടാനുള്ള അവസരമാണ് സർക്കാരിന്റെ സിവിൽ സർവീസ് അക്കാഡമിയിലൂടെ ലഭിക്കുന്നത്.
തൊട്ടടുത്ത് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ സിവിൽ സർവീസ് അക്കാഡമിയിൽ ബിരുദവിദ്യാർഥികൾക്കുള്ള വീക്കെൻഡ് കോഴ്സുകളും പ്രിലിമിനറി കം മെയിൻ മുഴുവൻ സമയ പരിശീലനവും നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് കേന്ദ്രത്തിൽ സ്വന്തമായി സ്ഥലസൗകര്യവും കെട്ടിടസൗകര്യവും ഇല്ലാത്തതാണ് ഈ കോഴ്സുകൾ തുടങ്ങുന്നതിനുള്ള തടസമായി അധികൃതർ പറയുന്നത്.
നിലവിൽ ചെമ്മട്ടംവയലിലെ സയൻസ് പാർക്ക് കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നഗരമധ്യത്തിൽ തന്നെ ഹോസ്ദുർഗ് കോട്ടയ്ക്കു സമീപം അക്കാദമിക്ക് കെട്ടിടം പണിയാൻ റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഏറ്റെടുക്കാൻ അക്കാദമി അധികൃതർ ഇതുവരെയും താത്പര്യം കാണിച്ചിട്ടില്ല. കോടികൾ ചെലവാക്കി സ്വന്തം കെട്ടിടവും മറ്റ് സൗകര്യങ്ങളുമൊരുക്കിയാലും ജില്ലയിൽ അതിനും മാത്രം പരിശീലനാർഥികളെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അധികൃതരുടെ വാദം. ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടിയുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ സ്കിൽ കോഴ്സും മാത്രമാണ് കാഞ്ഞങ്ങാട് കേന്ദ്രത്തിൽ ഇപ്പോൾ നടക്കുന്നത്. ഇതുവരെ 600 ലധികം കുട്ടികൾ ഈ കോഴ്സുകൾ പഠിച്ചിറങ്ങിയിട്ടുണ്ട്.
എന്നാൽ ഇവരിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് തുടർ പരിശീലനം നടത്തണമെങ്കിൽ കല്യാശേരിയിലേക്കോ മറ്റിടങ്ങളിലേക്കോ പോകേണ്ട അവസ്ഥയാണ്. ജില്ലയിൽ തന്നെ ബിരുദപഠനം നടത്തുന്നവർക്ക് പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം നേടാനുള്ള അവസരവും നിഷേധിക്കപ്പെടുന്നു. അക്കാഡമിക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുത്ത് വരുംവർഷമെങ്കിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഗൗരവമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.