മൊബൈൽ, ഷൂസ്.. ട്രെയിൻ ബർത്തുകളിൽ മോഷണം തുടർക്കഥ
1417048
Thursday, April 18, 2024 1:47 AM IST
കാഞ്ഞങ്ങാട്: ദീർഘദൂര ട്രെയിനിൽ ഒരു ബർത്ത് കിട്ടിക്കഴിഞ്ഞാൽ സമാധാനമായി ഉറങ്ങി യാത്രചെയ്യാമെന്ന പ്രതീക്ഷ വെറുതെയാകുന്നു. സ്ലീപ്പർ കോച്ചുകളിൽ ഉറങ്ങുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്ന സംഭവങ്ങൾ കേരളത്തിലെ ട്രെയിനുകളിലും പതിവാകുകയാണ്.
കഴിഞ്ഞയാഴ്ച ബംഗളൂരുവിൽ നിന്നും യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ്സിൽ നാട്ടിലേക്കു തിരിച്ച ഇരുപതോളം മലയാളികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമുൾപ്പെടെ കവർച്ച ചെയ്യപ്പെട്ടിരുന്നു. എസി കോച്ചുകളിൽ ഉറങ്ങിക്കിടന്ന യാത്രക്കാരുടെ ബാഗുകൾ തട്ടിയെടുത്ത ശേഷം ഇവ ശുചിമുറിക്ക് സമീപത്തുവെച്ച് തുറന്നുനോക്കി വിലപിടിപ്പുള്ള സാധനങ്ങൾ എടുത്തുമാറ്റി ഉപേക്ഷിക്കുകയായിരുന്നു. തമിഴ്നാട്ടിലെ സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചു നടന്ന കവർച്ചയെക്കുറിച്ച് യാത്രക്കാർ അന്നു രാത്രി തന്നെ പരാതി നല്കിയെങ്കിലും അന്വേഷണം റെയിൽവേയുടെ പതിവ് തെളിവെടുപ്പുകളിൽ ഒതുങ്ങി.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് മാവേലി എക്സ്പ്രസിൽ യാത്ര ചെയ്ത കാസർഗോഡ് സ്വദേശിയായ മുതിർന്ന മാധ്യമപ്രവർത്തകന്റെ ഷൂസ് കളവുപോയതാണ് ഒടുവിലത്തെ സംഭവം. ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ഒരു യാത്രക്കാരൻ മദ്യവുമായി സ്ലീപ്പർ കോച്ചിൽ കയറി മറ്റു യാത്രക്കാരോട് ബഹളംവയ്ക്കുകയും പിന്നീട് തന്റെ തൊട്ടടുത്തുള്ള ബർത്തിൽ കയറി കിടക്കുകയും ചെയ്തിരുന്നതായി ഇദ്ദേഹം പറയുന്നു.
പുലർച്ചെ കണ്ണൂരിൽ എത്താറാകുമ്പോഴാണ് താഴെ അഴിച്ചുവച്ചിരുന്ന വിലപിടിപ്പുള്ള ഷൂസ് മോഷണം പോയതായി അറിയുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ കോഴിക്കോടിന് സമീപം ഇറങ്ങിയതായാണ് മറ്റു യാത്രക്കാർ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അപ്പോൾതന്നെ റെയിൽവേയുടെ ഓൺലൈൻ സംവിധാനത്തിൽ പരാതി നല്കിയെങ്കിലും റെയിൽവേ അധികൃതർ കൈമലർത്തുകയാണ്. സ്ലീപ്പർ കോച്ചിലെ യാത്രക്കാരുടെ വിവരങ്ങളും ബന്ധപ്പെട്ട സ്റ്റേഷനുകളിലെ സിസിടിവിയും പരിശോധിച്ചാൽ തന്നെ മോഷ്ടാവിനെ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും അത് യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് റെയിൽവേയുടെ വിചിത്രമായ വിശദീകരണം.
യശ്വന്ത്പൂർ എക്സ്പ്രസ്സിൽ കവർച്ചയ്ക്കിരയായവർ ഈറോഡ് റെയിൽവേ സ്റ്റേഷനിലിറങ്ങി പരാതി നല്കുന്ന സമയത്തുതന്നെ കവർച്ച ചെയ്യപ്പെട്ട ഫോണുകളിലൊന്ന് സേലം റെയിൽവേ സ്റ്റേഷനിൽ വച്ച് അറ്റൻഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാൽ അടിയന്തരമായി സേലത്തേക്ക് വിവരം കൈമാറി പ്രതിയെ പിടികൂടാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി.