വനാതിർത്തിയിലും തോടുകൾ വറ്റി
1417043
Thursday, April 18, 2024 1:47 AM IST
ബന്തടുക്ക: കടുത്ത വരൾച്ച കർണാടക വനാതിർത്തിയിലെ തോടുകളെയും ബാധിച്ചു. വനത്തിൽ നിന്നുത്ഭവിച്ച് സമീപപ്രദേശങ്ങളിലൂടെ ഒഴുകിയിരുന്ന തോടുകളെല്ലാം ഇപ്പോൾ വറ്റിവരണ്ട നിലയിലാണ്. ഇവയിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ച് തൊട്ടടുത്ത പ്രദേശങ്ങളിൽ നടത്തിയിരുന്ന കമുകു കൃഷിയും തെങ്ങുകൃഷിയുമെല്ലാം ഇതോടെ അവതാളത്തിലായി. മിക്കയിടങ്ങളിലും വെള്ളം നനയ്ക്കുന്നത് നിലച്ചു.
മുൻകാലങ്ങളിൽ കർഷകർ തന്നെ അവിടവിടെ താത്കാലിക തടയണകൾ നിർമിച്ച് വെള്ളം കെട്ടിനിർത്താറുണ്ടായിരുന്നു. കോൺക്രീറ്റ് പാലങ്ങളോടു ചേർന്ന് പലകയിട്ടുള്ള ചെക്ക് ഡാമുകളും ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം കാട്ടാനകളുൾപ്പെടെയുള്ള വന്യമൃഗങ്ങളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്ന നിലയായതോടെ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
കാട്ടുമൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി വനംവകുപ്പ് നിർമിച്ചിട്ടുള്ള താത്കാലിക തടയണകളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. മുൻകാലങ്ങളിൽ കാട്ടുചോലകളിൽ നിന്ന് റബർ പൈപ്പിട്ട് വീടുകളിലേക്ക് ശുദ്ധജലം എത്തിച്ചിരുന്നതും ഇപ്പോൾ നിലച്ചു.
ചോലകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതും വെള്ളമുള്ള ഇടങ്ങളിൽ സ്ഥാപിച്ച പൈപ്പുകൾ കാട്ടാനകൾ നശിപ്പിക്കുന്നതുമാണ് കാരണം. തോട്ടിൻകരകളിൽ മുൻകാലങ്ങളിൽ പച്ചക്കറി കൃഷി നടത്തിയിരുന്നതും ഇപ്പോൾ തീരെ കുറഞ്ഞു.
ഭൂജല നിരപ്പ് താഴ്ന്നതോടെ കുഴൽകിണറുകളിലും വെള്ളം കുറഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷം കാണുമ്പോൾ അടുത്തുതന്നെ ഒരു വേനൽമഴ വന്നുവീഴുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കർഷകർ.