പയസ്വിനി വീണ്ടും വറ്റിവരണ്ടു
1416806
Wednesday, April 17, 2024 1:52 AM IST
കാസർഗോഡ്: മഴക്കാലത്ത് നിറഞ്ഞുകവിയുകയും വേനലിൽ വറ്റിവരളുകയും ചെയ്യുന്ന പതിവുശീലം തുടർന്ന് പയസ്വിനിപ്പുഴ. ബാവിക്കരയിലെയും പാണ്ടിക്കണ്ടത്തെയും കുണ്ടാറിലെയും തടയണകൾക്കു സമീപം മാത്രമാണ് ഇപ്പോൾ കാണാൻമാത്രം വെള്ളമുള്ളത്. കൂടുതൽ ഇടങ്ങളിൽ മിനി ചെക്ക് ഡാമുകൾ നിർമിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും വെള്ളം പിടിച്ചുനിർത്താൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോൾ പുഴയോരത്തെ കൃഷിയിടങ്ങളിൽ പോലും വെള്ളം നനയ്ക്കാനാകാതെ കരിഞ്ഞുണങ്ങുകയാണ്.
കർണാടകയിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ദേലംപാടി, കാറഡുക്ക, മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിലൂടെ ഒഴുകി മുനമ്പത്തുവച്ച് കരിച്ചേരി പുഴയുമായി ചേർന്ന് ചന്ദ്രഗിരിപ്പുഴയായി മാറുകയാണ് ചെയ്യുന്നത്. മുനമ്പത്തു തന്നെയാണ് ബാവിക്കര ജലവിതരണപദ്ധതിയുടെ ചെക്ക് ഡാം സ്ഥിതിചെയ്യുന്നത്. പാണ്ടിക്കണ്ടത്തെ ചെക്ക് ഡാം ഇതിന് അഞ്ച് കിലോമീറ്റർ മുകളിലാണ്.
ഇവയ്ക്കു പുറമേ എരിഞ്ഞിപ്പുഴ, അടുക്കത്തൊട്ടി, പള്ളങ്കോട് എന്നിവിടങ്ങളിൽ തടയണകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇരിയണ്ണിക്കു സമീപം ചൊട്ട, ആദൂർ ചോനപ്പള്ളം എന്നിവിടങ്ങളിലും തടയണകൾക്കായി ആവശ്യമുയർന്നിട്ടുണ്ട്. ഇവയെല്ലാം പൂർത്തിയായാൽ പുഴയിൽ കൂടുതൽ വെള്ളം സംഭരിച്ചുനിർത്താൻ കഴിയുമെന്നും സമീപപ്രദേശങ്ങളിലെ ജലസേചനത്തിന് സഹായകമാകുമെന്നുമാണ് പ്രതീക്ഷ.