കുടുംബശ്രീ ചന്തയ്ക്കുവേണ്ടി ബസ്സ്റ്റാൻഡ് കെട്ടിടം കൈയടക്കിയത് വിവാദമാകുന്നു
1416085
Saturday, April 13, 2024 1:15 AM IST
കാഞ്ഞങ്ങാട്: കുടുംബശ്രീയുടെ വിഷുച്ചന്തയ്ക്കുവേണ്ടി കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാൻഡ് കെട്ടിടം കൈയടക്കിയത് വിവാദമാകുന്നു. ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുവേണ്ടി ഒരുക്കിയ ഇരിപ്പിടങ്ങൾ കൈയേറിയാണ് ചന്ത നടത്തുന്നത്. ഇതോടെ വയോധികരടക്കമുള്ള യാത്രക്കാർ ഇരിക്കാനിടമില്ലാതെ പൊരിവെയിലത്ത് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
പച്ചക്കറികൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണാക്കിയതാകട്ടെ, ബസ് സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രവും. ഇവിടെ കസേരകളിലും നിലത്തുമൊക്കെ മത്തനും വെള്ളരിയും മുരിങ്ങയും കക്കിരിയും അളവ് തൂക്കുന്ന ഉപകരണങ്ങളുമെല്ലാം കയറ്റിവെച്ച നിലയിലാണ്. പെട്ടിയിലും ചാക്കിലും പ്ലാസ്റ്റിക് സഞ്ചിയിലുമൊക്കെയായി പച്ചക്കറികൾ നിരത്തിവെച്ചതിനാൽ ആളുകൾക്ക് മുലയൂട്ടൽ കേന്ദ്രത്തിനകത്തേക്ക് കയറാൻ പോലുമാകാത്ത നിലയായി. മുലയൂട്ടുന്ന അമ്മമാർ തന്നെ കയറാൻ ശ്രമിച്ചാലും കുടുംബശ്രീക്കാരുടെ ശകാരം കേൾക്കേണ്ടിവരുന്ന അവസ്ഥയാണ്.
കുടുംബശ്രീ ചന്തകൾ ഏറ്റവുമധികം ആളുകളെത്തുന്ന കേന്ദ്രങ്ങളിൽ തന്നെ തുടങ്ങണമെന്ന് സർക്കാർ നിർദേശമുണ്ടെന്നും അതുകൊണ്ടാണ് ബസ് സ്റ്റാൻഡിൽ തന്നെ തുടങ്ങിയതെന്നുമാണ് കുടുംബശ്രീ അധികൃതരുടെ വിശദീകരണം. ഒരു സ്റ്റാൾ കെട്ടാൻ പോലും നില്ക്കാതെ യാത്രക്കാർക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങൾ കൈയടക്കുന്നതെന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.
ബസ് സ്റ്റാൻഡ് കെട്ടിടം കൈയടക്കി കുടുംബശ്രീ ചന്ത തുടങ്ങിയതിൽ സമീപത്തെ വ്യാപാരികൾക്കും പ്രതിഷേധമുണ്ട്. കാഞ്ഞങ്ങാട് നഗരത്തിൽ തന്നെ മറ്റൊരു കുടുംബശ്രീ ചന്ത പുതിയകോട്ട മിനി സിവിൽ സ്റ്റേഷനു മുന്നിലും തുടങ്ങിയിട്ടുണ്ട്.