സ്റ്റോപ്പ് അനുവദിച്ചിട്ടും ഇന്റർസിറ്റിക്ക് നീലേശ്വരത്തേക്ക് ടിക്കറ്റില്ല
1416084
Saturday, April 13, 2024 1:15 AM IST
നീലേശ്വരം: കോയമ്പത്തൂർ - മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സിന് നീലേശ്വരത്ത് സ്ഥിരം സ്റ്റോപ്പ് അനുവദിച്ചിട്ടും ടിക്കറ്റ് കൊടുക്കുന്നില്ലെന്ന് പരാതി. തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് നീലേശ്വരത്തേക്ക് ടിക്കറ്റെടുക്കാൻ പോയ ചെറുവത്തൂർ വെങ്ങാട്ട് സ്വദേശി കെ.എം.പ്രമോദ് ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നല്കി. റെയിൽവേയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ് കാണിക്കുന്നില്ലെന്നു പറഞ്ഞ് കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നൽകുകയായിരുന്നു. മറ്റു സ്റ്റേഷനുകളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് പരാതിയിൽ പറയുന്നു.
ഇന്റർസിറ്റി എക്സ്പ്രസിന് കഴിഞ്ഞവർഷം ഒക്ടോബർ ഒന്ന് മുതലാണ് നീലേശ്വരത്ത് താത്കാലിക സ്റ്റോപ് അനുവദിച്ചത്. മികച്ച വരുമാനമുണ്ടായതിനെ തുടർന്ന് ഫെബ്രുവരി മുതൽ സ്റ്റോപ് സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതിൽ റെയിൽവേ അധികൃതർ ഗൗരവമായ നടപടി സ്വീകരിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
വരുമാനം വർധിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ നീലേശ്വരത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ലിഫ്റ്റ് അനുവദിച്ചെങ്കിലും പുതിയ കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ നീലേശ്വരം ഇപ്പോഴും അവഗണിക്കപ്പെടുകയാണ്. നിലവിലുള്ള ശുചിമുറി അകത്ത് കടക്കാനാകാത്ത വിധം പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നത് അവഗണനയുടെ ദൃഷ്ടാന്തമാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.